കള്ളനോട്ടിന് പൂട്ടുവീഴും; 100, 500 നോട്ടുകളില്‍ വമ്പൻ മാറ്റങ്ങളുമായി ആര്‍ബിഐ
Thiruvananthapuram, 14 ഫെബ്രുവരി (H.S.) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന 100, 500 രൂപ നോട്ടുകളില്‍ നിർണ്ണായകമായ സുരക്ഷാ പരിഷ്കാരങ്ങള്‍ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തീരുമാനിച്ചു. RBI Currency Note Upda
RBI


Thiruvananthapuram, 14 ഫെബ്രുവരി (H.S.)

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന 100, 500 രൂപ നോട്ടുകളില്‍ നിർണ്ണായകമായ സുരക്ഷാ പരിഷ്കാരങ്ങള്‍ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തീരുമാനിച്ചു.

RBI Currency Note Update പ്രകാരം, കറൻസി നോട്ടുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും കള്ളനോട്ടുകളുടെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് പുതിയ നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നത്. 2026-ഓടെ ഈ പുതിയ നോട്ടുകള്‍ വിപണിയില്‍ സജീവമാകുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്തൊക്കെയാണ് പുതിയ സുരക്ഷാ മാറ്റങ്ങള്‍?

നോട്ടുകളുടെ സുരക്ഷാ ഫീച്ചറുകള്‍ കാലാനുസൃതമായി പുതുക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പിന്തുടരുന്ന രീതിയാണ്. ആർബിഐ വരുത്തുന്ന പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

അഡ്വാൻസ്ഡ് സെക്യൂരിറ്റി ത്രെഡ്: നോട്ടുകള്‍ ചരിക്കുമ്പോള്‍ നിറം മാറുന്ന സുരക്ഷാ നൂലുകളില്‍ (Security Thread) കൂടുതല്‍ വ്യക്തതയും നൂതനമായ ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. ഇത് സാധാരണക്കാർക്ക് കള്ളനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാൻ സഹായിക്കും.

വാട്ടർമാർക്ക് പരിഷ്കാരം: മഹാത്മാഗാന്ധിയുടെ ചിത്രമുള്ള വാട്ടർമാർക്കിലും മൈക്രോ ലെറ്ററിംഗിലും കൂടുതല്‍ സങ്കീർണ്ണമായ ഡിസൈനുകള്‍ കൊണ്ടുവരും. ഇത് സ്കാൻ ചെയ്തോ ഫോട്ടോസ്റ്റാറ്റ് എടുത്തോ വ്യാജ നോട്ടുകള്‍ നിർമ്മിക്കുന്നത് അസാധ്യമാക്കും.

കാഴ്ചപരിമിതിയുള്ളവർക്ക് പ്രത്യേക ഫീച്ചറുകള്‍: കാഴ്ചപരിമിതിയുള്ളവർക്ക് നോട്ടുകള്‍ സ്പർശനത്തിലൂടെ തിരിച്ചറിയാൻ സഹായിക്കുന്ന 'ഇന്റാഗ്ലിയോ' പ്രിന്റിംഗിലും 'ബ്ലീഡ് ലൈനുകളിലും' (Bleed lines) മാറ്റങ്ങള്‍ വരുത്തും. 500 രൂപ നോട്ടിലും 100 രൂപ നോട്ടിലും ഇവ കൂടുതല്‍ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.

പുതിയ ഗവർണറുടെ ഒപ്പും വർഷവും: പുതിയ സീരീസിലുള്ള നോട്ടുകളില്‍ നിലവിലെ ആർബിഐ ഗവർണറുടെ ഒപ്പും നോട്ട് അച്ചടിച്ച വർഷമായി '2026' എന്നും രേഖപ്പെടുത്തും.

പഴയ നോട്ടുകള്‍ അസാധുവാകുമോ?

ഈ വാർത്തകള്‍ പുറത്തുവന്നതോടെ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടായിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള പഴയ 100, 500 രൂപ നോട്ടുകള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തുമ്പോഴും പഴയ നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കും. പഴയ നോട്ടുകള്‍ പിൻവലിക്കാനുള്ള യാതൊരു പദ്ധതിയോ നോട്ട് നിരോധനമോ ആർബിഐ വിഭാവനം ചെയ്യുന്നില്ല. പകരം, ബാങ്കുകളില്‍ എത്തുന്ന പഴയ നോട്ടുകള്‍ക്ക് പകരമായി പുതിയ നോട്ടുകള്‍ നല്‍കി ഘട്ടം ഘട്ടമായുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് ഈ മാറ്റം?

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച്‌ കള്ളനോട്ട് നിർമ്മാണവും സങ്കീർണ്ണമാകുന്നുണ്ട്. ഇത് തടയാൻ ഓരോ 5 മുതല്‍ 7 വർഷം കൂടുമ്പോഴും കറൻസി നോട്ടുകളുടെ സുരക്ഷാ ഫീച്ചറുകള്‍ പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താനും ഈ മാറ്റം സഹായിക്കും.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ സാധ്യതയുള്ളതിനാല്‍, ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News