പാലായില്‍ താൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടി തീരുമാനിക്കുമെന്ന നിലപാട് ആവർത്തിച്ച്‌ ജോസ് കെ മാണി.
Kottayam, 14 ഫെബ്രുവരി (H.S.) പാലായില്‍ താൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടി തീരുമാനിക്കുമെന്ന നിലപാട് ആവർത്തിച്ച്‌ ജോസ് കെ മാണി. മന്ത്രി റോഷി അഗസ്‌റ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത
Jose K Mani


Kottayam, 14 ഫെബ്രുവരി (H.S.)

പാലായില്‍ താൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടി തീരുമാനിക്കുമെന്ന നിലപാട് ആവർത്തിച്ച്‌ ജോസ് കെ മാണി.

മന്ത്രി റോഷി അഗസ്‌റ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത്ത് വന്നത്. അടുത്തിടെ ഇരുവരും ഒരുമിച്ച്‌ പങ്കെടുത്ത വാർത്താ സമ്മേളനത്തില്‍ ഈ ചോദ്യം ഉയർന്നപ്പോള്‍ റോഷി അഗസ്‌റ്റിൻ നല്‍കിയ പെട്ടെന്നുള്ള മറുപടി ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമാണ് ബന്ധമാണെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്.റോഷി മൈക് തട്ടിപ്പറിച്ചിട്ടില്ല, എന്റെ മുഖം അത് വ്യക്തമാക്കുന്നില്ലേ? എന്നും ജോസ് ചോദിച്ചു. റോഷിക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഒരു കിളിയും കൊത്താൻ പോകുന്നില്ലെന്നും ജോസ് കെ മാണി പറയുകയുണ്ടായി.

മത്സരിക്കുമോ ഇല്ലെന്നോ തീർത്ത് പറയാൻ അദ്ദേഹം തയ്യാറായില്ല. പാലായില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത ജോസ് കെ മാണിക്ക് ആയതുകൊണ്ടാകില്ലേ റോഷി അഗസ്‌റ്റിൻ പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് പറഞ്ഞതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് താൻ പാലായില്‍ മത്സരിച്ചാല്‍ ജയിക്കുമോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയർമാന്റെ മറുപടി.

റോഷി അഗസ്‌റ്റിൻ പറത്തത് സദുദ്ദേശത്തോടെയാണ്. കേരള കോണ്‍ഗ്രസില്‍ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകുമെങ്കിലും പക്ഷേ, അത് പാർട്ടി തീരുമാനിക്കേണ്ടതാണ്. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷിക്ക് അഭിപ്രായം പറയാൻ എല്ലാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.

റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മത്സരിക്കണം എന്നല്ലേ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. മത്സരിക്കണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥയുടെ ശോഭ കെടുത്താനായി മനപൂര്‍വം പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിക്കുകയുണ്ടായി.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നുള്ള ചർച്ചകള്‍ക്കും അപ്പുറമായിരുന്നു ഏതൊക്കെ പാർട്ടികള്‍ പ്രധാന മുന്നണികളില്‍ വിടുമോ പുതിയ കൂടാരങ്ങള്‍ കണ്ടെത്തുമോ എന്നുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധാ കേന്ദ്രമായത് ആവട്ടെ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ആയിരുന്നെന്ന് നിസംശയം പറയാം.

നിലവിലെ എല്‍ഡിഎഫിന് ഒപ്പമുള്ള പാർട്ടി യുഡിഎഫിലേക്ക് കൂടുമാറുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടന്നുവെന്ന രീതിയില്‍ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും ആസ്ഥാനത്താക്കി കൊണ്ടാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന് ഒപ്പം ഉറച്ചു നില്‍ക്കാൻ തീരുമാനിച്ചത്.

അതിനിടെ മന്ത്രി റോഷി അഗസ്‌റ്റിനും ജോസ് കെ മാണിയും തന്നെ ഭിന്നതയുണ്ടെന്നാണ് ചില കേന്ദ്രങ്ങളുടെ ആരോപണം. റോഷി ഇടത് മുന്നണിക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസ് എം തുടരണമെന്ന കടുത്ത നിലപാട് സ്വീകരിച്ച ആളാണെന്നും ജോസ് കെ മാണി അങ്ങനെ അല്ലെന്നുമാണ് ചിലരുടെ ആരോപണം. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തില്‍ പ്രകടമായതെന്നുമാണ് ആക്ഷേപം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News