Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഫെബ്രുവരി (H.S.)
കേരളം കാത്തിരിക്കുന്ന നിർണായക പദ്ധതികള്‍ക്ക് കിഫ്‌ബി അംഗീകാരം നല്‍കിയതായി വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാല്‍.
അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 1900 കോടി രൂപ ചിലവാക്കാൻ കിഫ്ബി സിഇഒയെ ചുമതലപ്പെടുത്തിയെന്ന് ധനമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. ഇത് കൂടാതെ എംസി റോഡ് നവീകരണമാണ് അനുമതി ലഭിച്ച മറ്റൊരു പ്രധാന പദ്ധതി.
തിരുവനന്തപുരത്തെ കേശവദാസപുരം മുതല്‍ എറണാകുളത്തെ അങ്കമാലി വരെയുള്ള എംസി റോഡ് നാല് വരിയാക്കാൻ 5217 കോടി രൂപ ചിലവഴിക്കാനും തത്ത്വത്തില്‍ അംഗീകാരമായതായി ധനമന്ത്രി പ്രഖ്യാപിച്ചു. എയ്‌റോ സ്‌പെയ്‌സ് കണ്‍ട്രോള്‍ സിസ്‌റ്റംസ് കോംപ്ലക്‌സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കലിന് 600 കോടി നല്‍കുന്നതുള്‍പ്പെടെ ആകെ 8081 കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്‌ബി തത്വത്തില്‍ അംഗീകാരം നല്‍കിയത്.
കെഎൻ ബാലഗോപാലിന്റെ വാക്കുകള്‍
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ വിസ്‌മയകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികള്‍ക്ക് ഇന്ന് ചേർന്ന 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് ധനാനുമതിയും, 8081 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നല്‍കിയത്.
ഈ യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രഖ്യാപനങ്ങള്‍:
* ശബരി റെയില്‍വേ പദ്ധതി: അങ്കമാലി മുതല്‍ എരുമേലി വരെയുള്ള ശബരി റെയില്‍വേ പദ്ധതിക്ക് കിഫ്ബി തത്വത്തില്‍ അംഗീകാരം നല്‍കി. ഇതിനായി 1,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രാ സൗകര്യങ്ങള്‍ക്കും ഈ പദ്ധതി വലിയ കരുത്താകും.
* എം.സി റോഡ് വികസനം: തിരുവനന്തപുരം കേശവദാസപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് നാലുവരിപ്പാതയാക്കുന്ന ബൃഹദ് പദ്ധതിക്കും തത്വത്തില്‍ അംഗീകാരമായി. 5,217 കോടി രൂപ ചെലവഴിച്ചാണ് ഈ പാത നവീകരിക്കുന്നത്.
മറ്റ് പ്രധാന തീരുമാനങ്ങള്‍:
* ആരോഗ്യ മേഖല: തൃശ്ശൂർ ജനറല്‍ ആശുപത്രി (₹136.79 കോടി), തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം (₹87.68 കോടി) എന്നിവയുടെ വികസനത്തിന് ധനാനുമതി നല്‍കി.
* തൊഴില്‍: സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന 'വർക്ക് നിയർ ഹോം' (സ്കില്‍ ഇക്കോസിസ്റ്റം 2.0) പദ്ധതിക്കായി 153 കോടി രൂപ അനുവദിച്ചു.
* തീരസംരക്ഷണം: കൊല്ലം മുണ്ടയ്ക്കല്‍ പാപനാശം മുതല്‍ ബീച്ച് വരെയുള്ള തീരസംരക്ഷണത്തിനായി 9.77 കോടി രൂപ.
നാളിതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ 24,734.58 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം പൂർത്തീകരിക്കാൻ നമുക്ക് സാധിച്ചു. നാം ഒരുമിച്ച് ഈ നാടിനെ മുന്നോട്ട് നയിക്കുകയാണ്...
---------------
Hindusthan Samachar / CHANDHU CHANDRASEKHAR