Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ഫെബ്രുവരി (H.S.)
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിൽ.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായി നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുക, മെഡിക്കൽ കോളേജുകളിൽ രോഗികൾക്കും ഡോക്ടർമാർക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഡി.എ. കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ഡോക്ടർമാർ സമരം തുടരുന്നത്.
വർഷങ്ങളായി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ ഗവൺമെന്റ് അധികൃതർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിചിട്ടില്ലെന്നാണ് കെജിഎംസിറ്റിഎയുടെ പരാതി.
അധികാരികളുടെ ഭാഗത്തുനിന്നും ഒരു വിധത്തിലുമുള്ള പരിഹാര നടപടികളും ഉണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാക്കി റിലേ ഒ.പി. ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് 10/11/2025- ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
സംഘടനയുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുവാൻ വകുപ്പ് ശ്രമിക്കുമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ സംഘടനയ്ക്കു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാൽ 13/01/2026 മുതൽ സമരം ശക്തമാക്കുവാൻ തീരുമാനികാണുകയായിരുന്നു എന്ന് കെ ജി എം സി ടി എ വ്യക്തമാക്കി..
പ്രവേശന തസ്തികയിൽ ഉണ്ടായ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുന്നത് പരിഗണിക്കാമെന്നും അറിയിച്ചു. ഈ ഉറപ്പിന്റെ വെളിച്ചത്തിൽ സംഘടന സമരം നീട്ടി വയ്ക്കുകയുണ്ടായി. എൻട്രി കേഡറിലെ ശമ്പളക്കുറവ് ഭാഗികമായി എങ്കിലും പരിഹരിച്ചു എന്നത് മാത്രമാണ് അല്പം ആശ്വാസകരമായി ഉള്ളത്.
ബഹുഭൂരിപക്ഷം ഡോക്ടർമാർക്കും ബാധകമായിട്ടുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുന്ന കാര്യത്തിൽ ഒരു നടപടിയും തുടങ്ങിയിട്ടുമില്ല. നിപ്പയുടെയും കോവിഡിന്റെയും കാലഘട്ടത്തിൽ പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി രാപ്പകൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അധ്വാനിച്ച കാലയളവിൽ ഉൾപ്പെടെയുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് അതുമൂലം പേരും പെരുമയും നേടിയെടുത്ത സർക്കാർ നൽകാതെ വഞ്ചിക്കുകയാണെന്നും കെ ജി എം സി ടി എ ആരോപിച്ചു.
ഈ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് ഒക്കെ ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നൽകാൻ തീരുമാനിച്ചിട്ടും, അന്ന് അക്ഷീണം ജോലി ചെയ്ത മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് കുടിശ്ശിക ഭാഗികമായി പോലും നൽകുവാൻ സർക്കാർ തയ്യാറാവുന്നില്ല. ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ നീതിപൂർവ്വം പെരുമാറുന്നില്ല. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നിവരോട് സംഘടന ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടി എങ്കിലും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല.
മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് കാലയളവിൽ ഡോക്ടർമാർക്ക് അധിക ഇൻസെന്റീവുകൾ നൽകി പ്രോത്സാഹിപ്പിച്ചപ്പോൾ അതൊന്നും ഇല്ലാതെ ഉത്തരവാദിത്തബോധത്തോട് കൂടി സമൂഹത്തിനും സർക്കാരിനും വേണ്ടി പ്രവർത്തിച്ച കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അല്ലാതെ തന്നെ ന്യായമായി അർഹതപ്പെട്ട ശമ്പളപരിഷ്കരണ കുടിശ്ശിക പോലും നൽകുന്നില്ലെന്നും ഡോക്ടർമാരുടെ സംഘടന പറഞ്ഞു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണമായി നൽകുമ്പോഴാണ് ഡോക്ടർമാരോട് വാഗ്ദാനങ്ങൾ നൽകി വഞ്ചന കാട്ടുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന ഗവൺമെൻറ് ജീവനക്കാർക്കും മെഡിക്കൽ കോളേജ് ഡോക്ടർമാർക്കും ഒരേ തീയതികളിൽ (2023 ഏപ്രിൽ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, 2024 ഒക്ടോബർ) തന്നെ 25% വീതമുള്ള നാല് ഗഡുക്കളായി ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുവാൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ട് മുൻപ് 26.2. 2021 തീയതിയിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഗവൺമെൻറ് അധികാരത്തിൽ വീണ്ടും വന്നതിനുശേഷം 2023 ൽ കുടിശ്ശിക നൽകേണ്ട തീയതി അടുത്തപ്പോൾ രണ്ടു കൂട്ടർക്കും കുടിശ്ശിക നൽകുന്നത് നീട്ടി വെച്ച് പുതിയ ഉത്തരവിറക്കുകയാണ് ഉണ്ടായത്. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അടുത്തകാലത്ത് (2025 മാർച്ച് മാസത്തിൽ ഇറങ്ങിയ ഉത്തരവിലൂടെ) ആദ്യ രണ്ടു ഗഡു കുടിശിക ജീവനക്കാരുടെ പി എഫ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുക ഉണ്ടായെങ്കിലും മെഡിക്കൽ കോളേജ് ഡോക്ടർമാരെ അവഗണിച്ചു.
പിന്നീട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സംസ്ഥാന ഗവൺമെൻറ് ജീവനക്കാരുടെ ബാക്കിയുള്ള രണ്ട് ഗഡു 2026 ഏപ്രിൽ ഒന്നിന് ശേഷം പി എഫ് അക്കൗണ്ടിലേക്ക് നൽകി കുടിശ്ശിക മുഴുവൻ തീർക്കുവാൻ 2025 നവംബറിൽ ഉത്തരവിറക്കിയപ്പോഴും മെഡിക്കൽ കോളേജ് ഡോക്ടർമാരെ പൂർണ്ണമായി അവഗണിച്ചു.
ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്ന് പത്തൊൻപതാം ദിവസവും തുടരുകയാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാർ നിരാഹാര സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 19 നു സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും . അന്നു മുതൽ ഒ.പി ബഹിഷ്കരണം അധ്യാപന ബഹിഷ്കരണം എന്നിവയോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തുന്നതയും കെ ജി എം സി ടി എ അറിയിച്ചു.
Hindusthan Samachar / CHANDHU CHANDRASEKHAR