മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
Mumbai, 14 ഫെബ്രുവരി (H.S.) മുംബൈയിലെ മുളുണ്ടില്‍ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ്‍ അടർന്ന് വീണുണ്ടായ അപകടത്തില്‍ ഒരു മരണം. രാംധൻ യാദവ് എന്നയാളാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ
Mumbai


Mumbai, 14 ഫെബ്രുവരി (H.S.)

മുംബൈയിലെ മുളുണ്ടില്‍ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ്‍ അടർന്ന് വീണുണ്ടായ അപകടത്തില്‍ ഒരു മരണം. രാംധൻ യാദവ് എന്നയാളാണ് മരണപ്പെട്ടത്.

മൂന്ന് പേർക്ക് പരിക്കേറ്റു. രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവർക്കാണ് പരിക്കേറ്റത്. ജോണ്‍സണ്‍ ആൻ്റ് ജോണ്‍സണ്‍ ഫാക്ടറിക്ക് മുന്നിലുള്ള തിരക്കേറിയ എല്‍ബിഎസ് റോഡില്‍ ഉച്ചയ്ക്ക് 12:15 ഓടെയാണ് അപകടം നടന്നത്.

മെട്രോ തൂണിന്റെ ഒരു ഭാഗം തകർന്നു റോഡിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരില്‍ രാജ്കുമാർ ഇന്ദ്രജിത് യാദവിൻ്റെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.അപകടത്തില്‍ പെട്ടവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ആവശ്യമായ വൈദ്യസഹായങ്ങള്‍ നല്‍കിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. നിർമാണ ചുമതലയുള്ള മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അപകടകാരണ അന്വേഷിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

അതിനിടെ ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനെതിരെ ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെ രംഗത്തെത്തി. ബി ജെ പി ഭരണത്തിന് കീഴില്‍ മനുഷ്യജീവന് യാതൊരു വിലയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. '

'മെട്രോ ലൈനിൻ്റെ നാലാമത്തെ ലൈനില്‍ നിന്നുള്ള ഭാഗം അടർന്ന് വീണ് ഇന്ന് അപകടമുണ്ടായി. കഴിഞ്ഞ വർഷം പുതിയതായി ഉദ്ഘാടനം ചെയ്ത മെട്രോ ലൈൻ 3-ല്‍ മതില്‍ ഇടിഞ്ഞുവീണതും മഴവെള്ളം കയറി നിറഞ്ഞതും നമുക്ക് ഓർമ്മയുണ്ട്.

ഇനിയെങ്കിലും ഈ കോണ്‍ട്രാക്ടറെ സർക്കാർ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമോ? സാധ്യത കുറവാണ്. ഒരുപക്ഷേ കുറച്ച്‌ ലക്ഷം രൂപ പിഴ ചുമത്തി വീണ്ടും ടെൻഡറുകള്‍ നല്‍കും.

പണികള്‍ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തൂണുകളെല്ലാം പെയിന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇപ്പോള്‍ കോടികള്‍ ചെലവാകും. പിന്നെ പണി തീർന്ന ശേഷം വീണ്ടും അതു ശരിയാക്കാൻ കോടികള്‍ വേണം. ഇന്നും പല അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളിലും മോശം ബാരിക്കേഡിംഗാണ്. അതുകൊണ്ട് ട്രാഫിക് തടസ്സങ്ങളും, തുറന്ന കുഴികളില്‍ വാഹനങ്ങള്‍ വീഴുന്നതും പതിവായി മാറിയിരിക്കുന്നു.

ഈ ഭരണകാലത്ത് മനുഷ്യജീവിതത്തിന് യാതൊരു വിലയുമില്ല. മെട്രോ പാളങ്ങളില്‍ നിന്ന് കഷണങ്ങള്‍ വീഴുന്നു, ഗതാഗത സംവിധാനങ്ങള്‍ സുരക്ഷിതമല്ല, തുറന്ന കുഴികളില്‍ കാറുകളും ബൈക്കുകളും വീണ് മണിക്കൂറുകള്‍ സഹായം കിട്ടാതെ ആളുകള്‍ കിടക്കുന്നു.

ഇത് ലജ്ജാകരമായ കാര്യമാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ ഒരുദിവസം നമ്മുടെ രാജ്യത്തെക്കുറിച്ച്‌ മറ്റു രാജ്യങ്ങള്‍ യാത്രാ മുന്നറിയിപ്പ് പോലും പുറപ്പെടുവിക്കുന്ന സാഹചര്യം വരാം',അദ്ദേഹം എക്സില്‍ കുറിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News