Enter your Email Address to subscribe to our newsletters

Newdelhi, 14 ഫെബ്രുവരി (H.S.)
കേരളം കാത്തിരിക്കുന്ന സില്‍വർലൈനില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്.
സില്‍വർലൈൻ പദ്ധതിയെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) പുതുക്കാൻ ആവശ്യപ്പെട്ടപ്പോഴും, കേരള സർക്കാർ അതിനെ ഒരു സ്വതന്ത്ര സംരംഭമായി മാത്രം പരിഗണിക്കണമെന്ന് നിർബന്ധിക്കുകയാണെന്നാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ അറിയിച്ചത്.
കെ-റെയില്‍ എന്നറിയപ്പെടുന്ന 530 കിലോമീറ്റർ സില്‍വർലൈൻ പദ്ധതിയിലൂടെ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെയും വടക്കേയറ്റത്തെയും ജില്ലകളെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ വിപ്ലവം സൃഷ്‌ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. അടുത്ത കാലത്തായി ഈ പദ്ധതിയുടെ പേരില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഭിന്നത രൂക്ഷമാവുന്നതിന് ഇടയിലാണ് മന്ത്രിയുടെ പ്രതികരണം.
കേരള സർക്കാരിന്റെയും റെയില്‍വേ മന്ത്രാലയന്റെയും സംയുക്ത സംരംഭമായ കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്), ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡിപിആർ പരിഷ്‌കരിക്കാൻ നിർദ്ദേശിച്ചിരുന്നതായി മന്ത്രി അശ്വിനി വൈഷ്‌ണവ് തന്നെ പറഞ്ഞു. സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കേരള സർക്കാർ നിലവില്‍ ഒരു സെമി ഹൈ-സ്‌പീഡ് സില്‍വർലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങളിലാണ്. ഇന്ത്യൻ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിക്കുന്നതിന് ബ്രോഡ് ഗേജ് സ്വീകരിക്കുക, മെച്ചപ്പെട്ട ഗ്രേഡിയന്റ്, യാർഡുകള്‍ക്കും പാതകള്‍ക്കും ശരിയായ ഡ്രെയിനേജ് സംവിധാനം, കവചിന്റെ വ്യവസ്ഥ, 2X25 കെവി വൈദ്യുതീകരണം, നിർമ്മാണത്തിലും പ്രവർത്തനത്തിലും പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡിപിആറില്‍ മാറ്റങ്ങള്‍ വരുത്താൻ കെആർഡിസിഎല്ലിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം, കെ-റെയിലിന് പകരമായി തിരുവനന്തപുരം-കാസർകോട് റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റത്തിന് (ആർആർടിഎസ്) കേരള മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഇത് കേന്ദ്രത്തെ അറിയിച്ച് ധാരണാപത്രം ഒപ്പിടുമെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അതേസമയം, സില്‍വർലൈൻ യാഥാർത്ഥ്യമായാല്‍ തിരുവനന്തപുരം-കാസർഗോഡ് യാത്രാസമയം നിലവിലെ ഏഴ് മണിക്കൂറില്‍ നിന്ന് നാലായി കുറയും.
സംസ്ഥാനത്തിന് ഹൈ-സ്‌പീഡ് ഇടനാഴികള്‍ പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായിരിക്കെ, ആർആർടിഎസ് പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് മുതിർന്ന സാങ്കേതിക വിദഗ്ദ്ധനും ബിജെപി നേതാവുമായ ഇ. ശ്രീധരൻ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റർ വേഗതയിലേക്ക് റെയില്‍വേ പാതകള്‍ നവീകരിക്കുന്നതിനുള്ള ഏഴ് റൂട്ടുകളുടെ സർവേകള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
ഇതില്‍ 307 കിലോമീറ്റർ ഷൊർണൂർ-മംഗലാപുരം 3/4 ലൈൻ, 99 കിലോമീറ്റർ കോയമ്പത്തൂർ-ഷൊർണൂർ 3/4 ലൈൻ, 106 കിലോമീറ്റർ ഷൊർണൂർ-എറണാകുളം 3-ാം ലൈൻ, 115 കിലോമീറ്റർ എറണാകുളം-കായംകുളം 3-ാം ലൈൻ (കോട്ടയം വഴി), 105 കിലോമീറ്റർ കായംകുളം-തിരുവനന്തപുരം 3-ാം ലൈൻ, 71 കിലോമീറ്റർ തിരുവനന്തപുരം-നാഗർകോവില്‍ 3-ാം ലൈൻ, 46 കിലോമീറ്റർ തുറവൂർ-അമ്പലപ്പുഴ ഇരട്ടപ്പാത എന്നിവ ഉള്‍പ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR