Enter your Email Address to subscribe to our newsletters

Kottayam, 14 ഫെബ്രുവരി (H.S.)
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ വേട്ടയാടിയത് താനാണെന്ന വാസവൻ്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരുവഞ്ചൂർ തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്.
മരിച്ച് ഇത്രയും നാളുകൾക്ക് ശേഷവും അദ്ദേഹത്തിൻ്റെ കല്ലറയിൽ പോസ്റ്റർ ഒട്ടിച്ച നടപടി ശരിയാണോ എന്നതാണ് താൻ ചോദിക്കുന്നതെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. അത്തരമൊരു പ്രവൃത്തിയെ ന്യായീകരിക്കുന്നതിന് പകരം ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടിയിരുന്നത്. അതിനു തയാറാകാതെ മറ്റുള്ളവർക്ക് നേരെ ആക്ഷേപം ഉന്നയിക്കുന്നത് മന്ത്രിസഭയിൽ ഇരിക്കുന്ന വിഎൻ വാസവനെപ്പോലൊ ഒരാൾക്ക് ചേർന്നതല്ല. ഉമ്മൻ ചാണ്ടിക്കെതിരെ രണ്ടുമൂന്നു തവണ മത്സരിച്ച വ്യക്തിയാണ് വാസവൻ. ഒരു എതിർസ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹത്തോട് പ്രാഥമികമായ ബഹുമാനം കാണിക്കേണ്ടതായിരുന്നു. എന്നാൽ കല്ലറയിൽ പോസ്റ്റർ ഒട്ടിച്ചതിനെ പരോക്ഷമായി അംഗീകരിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
മാനസിക വിഭ്രാന്തിയെന്ന വാദം
സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും മാനസിക വിഭ്രാന്തിയുള്ള ആളാണ് ഇത് ചെയ്തതെന്നുമുള്ള വാദത്തോടും തിരുവഞ്ചൂർ പ്രതികരിച്ചു. മാനസിക നില തെറ്റിയ ആളാണോ എന്നത് ഡോക്ടർമാരും തിരുവനന്തപുരത്തെ ആശുപത്രി അധികൃതരും തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ പാർട്ടിയുടെ പേരിലാണ് അവിടെ പോസ്റ്റർ വന്നത്. അങ്ങനെയൊരു സാഹചര്യം ഉണ്ടായപ്പോൾ അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയോ ഖേദം പ്രകടിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കുകയോ ചെയ്യുന്നതിന് പകരം എന്തിനാണ് അതിനെ വക്രീകരിച്ച് മറ്റുള്ളവർക്കെതിരെ തിരിച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
താങ്കൾക്കെതിരെ സിപിഎമ്മാണ് ഇത് ചെയ്തതെന്ന് ഡിസിസി പ്രസിഡൻ്റ് ആരോപണം ഉന്നയിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന്, താൻ സിപിഎമ്മാണ് ഇത് ചെയ്തതെന്ന് നേരിട്ട് പറഞ്ഞിട്ടില്ലെന്നും എന്നാൽ ആ പാർട്ടിയുടെ പേരിലാണ് ഇത് വന്നതെന്നുമായിരുന്നു തിരുവഞ്ചൂരിൻ്റെ മറുപടി. മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ ഇനിയും അപമാനിക്കണോ എന്നാണ് താൻ ചോദിച്ചത്. അതിൽ എന്താണ് തെറ്റെന്നും സ്വാഭാവികമായും ആർക്കും തോന്നുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വാസവനും ഇതേ വികാരം ഉണ്ടാകുമെന്നാണ് താൻ കരുതിയത്. എന്നാൽ അദ്ദേഹം അതിനെ രാഷ്ട്രീയമായി തിരിച്ചുവിടാനാണ് ശ്രമിച്ചത്.
തുടരുന്ന വേട്ടയാടൽ
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അനുഭവിച്ചതിനേക്കാൾ വലിയ ക്രൂരതയാണ് അദ്ദേഹത്തിൻ്റെ മരണശേഷവും ചില കേന്ദ്രങ്ങൾ തുടരുന്നതെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന കുപ്രചാരണങ്ങൾക്കുള്ള മറുപടിയായിരുന്നു. സോളാർ ഉൾപ്പെടെയുള്ള കേസുകളിൽ അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടും വീണ്ടും പഴയ വിവാദങ്ങൾ കുത്തിപ്പൊക്കുന്നത് അജണ്ടയുടെ ഭാഗമാണ്. വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു ജനനേതാവിനെ മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് കാലം മാപ്പ് നൽകില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR