Enter your Email Address to subscribe to our newsletters

Mumbai, 14 ഫെബ്രുവരി (H.S.)
രാജ്യാന്ത വിപണിയില്‍ സ്വര്‍ണം കരകയറുന്നു. രണ്ട് ദിവസത്തെ വാഴ്ചയ്ക്ക് ശേഷം ഇന്ന് വില വര്‍ദ്ധിക്കുകയാണ്. ആഭരണപ്രിയരെ നിരശപ്പെടുത്തുന്നതും നിക്ഷേപം നടത്തിയവര്‍ക്ക് ആഹ്ലാദം സമ്മാനിച്ചുമാണ് വിലയില്‍ വര്‍ദ്ധന ഉണ്ടാകുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ പുത്തന്‍ ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വില കത്തിക്കയറി. ഗ്രാമിന് രാവിലെ 240 രൂപ മുന്നേറി വില 14,460 രൂപയായി. 1920 രൂപ ഉയര്‍ന്ന് 1,15,680 രൂപയാണ് പവന്‍വില.
രാജ്യാന്തര വില ഔണ്‍സിന് ഒരിടവേളയ്ക്കുശേഷം വീണ്ടും 5000 ഡോളര്‍ എന്ന നാഴികക്കല്ല് ഭേദിച്ച പശ്ചാത്തലത്തിലാണ് കേരളത്തിലും സ്വര്‍ണവിലക്കയറ്റം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസില്‍ ജനുവരിയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞെന്ന റിപ്പോര്‍ട്ടാണ് സ്വര്‍ണത്തിന് പുത്തനാവേശമായത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണികളിലും കാണുന്നത്.
പണപ്പെരുപ്പം കുറഞ്ഞതോടെ യുഎസില്‍ ഇനി അടിസ്ഥാന പലിശനിരക്കിന് ഇറക്കത്തിന്റെ കാലമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പലിശ താഴുന്നത് ഫലത്തില്‍ സ്വര്‍ണത്തിനാണ് നേട്ടമാവുക. അതിന്റെ കാരണമെന്താണെന്ന് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ഔണ്‍സിന് ഇന്നലെ 4,906 വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് 114 ഡോളറിലേറെ മുന്നേറി 5,041.8 ഡോളറിലാണ് എത്തിയത്. ഇതോടെ കേരളത്തിലും വില കൂടുകയായിരുന്നു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 200 രൂപ ഉയര്‍ന്ന് ഇന്ന് 11,950 രൂപയിലെത്തി. വെള്ളിവില പക്ഷേ ഗ്രാമിന് 5 രൂപ താഴ്ന്ന് 275 രൂപയായി. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ ഉയര്‍ന്ന് 11,880 രൂപയാണ്.
---------------
Hindusthan Samachar / Sreejith S