Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ഫെബ്രുവരി (H.S.)
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സുഗമമാക്കുക, മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഡി.എ. കുടിശ്ശിക നല്‍കുക തുടങ്ങി വര്‍ഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളില്‍ ഗവണ്‍മെന്റ് അധികൃതര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ 1 മുതല്‍ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്.
അധികാരികളുടെ ഭാഗത്തുനിന്നും ഒരു വിധത്തിലുമുള്ള പരിഹാര നടപടികളും ഉണ്ടാകാത്തതിനാല്‍ പ്രതിഷേധം ശക്തമാക്കി റിലേ ഒ.പി. ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് 10/11/2025-ന് ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയുണ്ടായി.
പ്രസ്തുത യോഗത്തില്‍ സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കുവാന്‍ വകുപ്പ് ശ്രമിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘടനയ്ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനാല്‍ 13/01/2026 മുതല്‍ സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചിരുന്നു. 12/01/2026 നു ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രവേശന തസ്തികയില്‍ ഉണ്ടായ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കുന്നത് പരിഗണിക്കാമെന്നും അറിയിച്ചു. ഈ ഉറപ്പിന്റെ വെളിച്ചത്തില്‍ സംഘടന സമരം നീട്ടി വയ്ക്കുകയുണ്ടായി. എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് ഭാഗികമായി എങ്കിലും പരിഹരിച്ചു എന്നത് മാത്രമാണ് അല്പം ആശ്വാസകരമായി ഉള്ളത്.
ബഹുഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും ബാധകമായിട്ടുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കുന്ന കാര്യത്തില്‍ ഒരു നടപടിയും തുടങ്ങിയിട്ടുമില്ല. നിപ്പയുടെയും കോവിഡിന്റെയും കാലഘട്ടത്തില്‍ പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അധ്വാനിച്ച കാലയളവില്‍ ഉള്‍പ്പെടെയുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് അതുമൂലം പേരും പെരുമയും നേടിയെടുത്ത സര്‍ക്കാര്‍ നല്‍കാതെ വഞ്ചിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ കാലയളവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്കെ ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കാന്‍ തീരുമാനിച്ചിട്ടും, അന്ന് അക്ഷീണം ജോലി ചെയ്ത മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കുടിശ്ശിക ഭാഗികമായി പോലും നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ധനകാര്യ വകുപ്പ് ഇക്കാര്യത്തില്‍ നീതിപൂര്‍വ്വം പെരുമാറുന്നില്ല. ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നിവരോട് സംഘടന ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടി എങ്കിലും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് കാലയളവില്‍ ഡോക്ടര്‍മാര്‍ക്ക് അധിക ഇന്‍സെന്റീവുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചപ്പോള്‍ അതൊന്നും ഇല്ലാതെ ഉത്തരവാദിത്തബോധത്തോട് കൂടി സമൂഹത്തിനും സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിച്ച കേരളത്തിലെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അല്ലാതെ തന്നെ ന്യായമായി അര്‍ഹതപ്പെട്ട ശമ്പളപരിഷ്‌കരണ കുടിശ്ശിക പോലും നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണമായി നല്‍കുമ്പോഴാണ് ഡോക്ടര്‍മാരോട് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചന കാട്ടുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കും ഒരേ തീയതികളില്‍ (2023 ഏപ്രില്‍, 2023 ഒക്ടോബര്‍, 2024 ഏപ്രില്‍, 2024 ഒക്ടോബര്‍) തന്നെ 25% വീതമുള്ള നാല് ഗഡുക്കളായി ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുവാന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പ് 26.2. 2021 തീയതിയില്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വീണ്ടും വന്നതിനുശേഷം 2023 ല്‍ കുടിശ്ശിക നല്‍കേണ്ട തീയതി അടുത്തപ്പോള്‍ രണ്ടു കൂട്ടര്‍ക്കും കുടിശ്ശിക നല്‍കുന്നത് നീട്ടി വെച്ച് പുതിയ ഉത്തരവിറക്കുകയാണ് ഉണ്ടായത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്തകാലത്ത് (2025 മാര്‍ച്ച് മാസത്തില്‍ ഇറങ്ങിയ ഉത്തരവിലൂടെ) ആദ്യ രണ്ടു ഗഡു കുടിശിക ജീവനക്കാരുടെ പി എഫ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുക ഉണ്ടായെങ്കിലും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ അവഗണിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ ബാക്കിയുള്ള രണ്ട് ഗഡു 2026 ഏപ്രില്‍ ഒന്നിന് ശേഷം പി എഫ് അക്കൗണ്ടിലേക്ക് നല്‍കി കുടിശ്ശിക മുഴുവന്‍ തീര്‍ക്കുവാന്‍ 2025 നവംബറില്‍ ഉത്തരവിറക്കിയപ്പോഴും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചു.
ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്ന് പത്തൊന്‍പതാം ദിവസവും തുടരുകയാണ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നു.
*ഫെബ്രുവരി 16 (തിങ്കളാഴ്ച്ച) അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും തുടങ്ങുന്നു. അന്ന് എല്ലാ മെഡിക്കല്‍ കോളേജുകളിലും ധര്‍ണ്ണ നടത്തുന്നതാണ്.*
*സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 19 നു സെക്രട്ടേറിയേറ്റിനു മുന്നില്‍ രാവിലെ 10 മണി മുതല്‍ ധര്‍ണ്ണ നടത്തുന്നതാണ്. അന്നു മുതല്‍ ഒ.പി ബഹിഷ്‌കരണം അധ്യാപന ബഹിഷ്‌കരണം എന്നിവയോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തുന്നു.*
ഫെബ്രുവരി 26 (വ്യാഴാഴ്ച) മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കും.
അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S