രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഘക്കേസില്‍ വിദേശത്ത് നിന്നും രഹസ്യമൊഴി നല്‍കി അതിജീവിത
Thiruvalla, 14 ഫെബ്രുവരി (H.S.) പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡനക്കേസില്‍ നിര്‍ണ്ണായക നീക്കം. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്ത്യന്‍ എംബസി മുഖേന വീഡിയോ കോണ്‍ഫറന
Rahul MLA


Thiruvalla, 14 ഫെബ്രുവരി (H.S.)

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗിക പീഡനക്കേസില്‍ നിര്‍ണ്ണായക നീക്കം. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി തിരുവല്ല മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്ത്യന്‍ എംബസി മുഖേന വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മൊഴി എടുത്തത്. ഹൈക്കോടതിയുടെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ഈ നടപടി. ബുധനാഴ്ചയാണ് എംബസിയില്‍ വെച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

എംബസി അധികൃതര്‍ മുഖേന മൊഴി രേഖപ്പെടുത്തിയ ശേഷം ഇതിന്റെ പകര്‍പ്പില്‍ അതിജീവിതയുടെ ഒപ്പ് വാങ്ങുകയും ചെയ്തു. മുന്‍പ് ഒരുതവണ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ആവശ്യമെങ്കില്‍ നേരിട്ടെത്തി കൂടുതല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണസംഘം വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.

തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ബലാത്സംഘം ചെയ്യുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി എന്നുമാണ് പരാതി. സാമ്പത്തികമായി ചൂഷണം ചെയ്തു എന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ീ കേസില്‍ അറസ്റ്റിലായ രാഹുല്‍ ജാമ്യം ലഭിച്ച ശേഷമാണ് ജയില്‍ നിന്നുമിറങ്ങിയത്. ഒന്നാമത്തെ കേസില്‍ കഴിഞ്ഞ ദിവസം രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെ ആയിരുന്നു മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നല്‍കിയത്.

ഫെബ്രുവരി 16 മുതല്‍ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും രാഹുലിന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. സമാനമായ ഉപാധികളോടെ തന്നെയാണ് രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന് ജാമ്യം ലഭിച്ചത്. ജാമ്യഹര്‍ജി ഒന്നാം ബലാത്സംഗ കേസില്‍ പരിഗണിക്കുമ്പോള്‍ രാഹുലിനെതിരെ രൂക്ഷമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ഒരു കുറ്റകൃത്യം ലോകത്ത് സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സ്വാധീനശക്തിയുള്ള ആളാണ് രാഹുല്‍ എന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

തുടര്‍ന്ന് രാഹുലിനെതിരായ ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമാണെന്നും ഹൈക്കോടതി വിലയിരുത്തി.

---------------

Hindusthan Samachar / Sreejith S


Latest News