Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ഫെബ്രുവരി (H.S.)
റീജിയനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം റെയില്‍ പദ്ധതി പരിഗണിക്കണമെന്ന് ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോട്ട്. മന്ത്രിസഭ അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി. , കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ആര്‍ആര്‍ടിഎസ് പദ്ധതി പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയില്‍ കേരളത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ സംവിധാനങ്ങളെയും വിമാനത്താവളങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ സാഹചര്യത്തില്‍ നാഷനല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുമായി (എന്‍സിആര്‍ടിസി) പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. സാധ്യതാപഠനം നടത്തി വിശദമായ പദ്ധതി തയാറാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കണം. ഗതാഗത വകുപ്പിനെയാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
സില്‍വര്‍ ലൈനിന് ബദലായാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്) പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. K-Rall (Silverline) പദ്ധതി ഇന്ത്യന്‍ റെയില്‍വെയുടെ സാങ്കേതിക എതിര്‍പ്പുകള്‍ കാരണം മുന്നോട്ട് പോകുവാന്‍ സാധിച്ചിരുന്നില്ല കൂടാതെ ചില പ്രദേശങ്ങളിലെങ്കിലും ജനങ്ങളുടെ എതിര്‍പ്പുകളും ഉണ്ടായി.
നാളിതുവരെയായിട്ടും സംസ്ഥാനം സമര്‍പ്പിച്ച ഡി.പി.ആര്‍ ന് റെയില്‍വേയുടെ അനുമതി ലഭ്യമാക്കിയിട്ടില്ല. ഡി.പി.ആര്‍ അനുമതിക്കായി റെയില്‍വേ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകാത്തതുമാണ്. റെയില്‍വേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കുവാനും കഴിയില്ല.
ആര്‍.ആര്‍.ടി.എസ് (റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയില്‍വേ സംവിധാനമാണ്. ഡല്‍ഹി - മിററ്റ് ആര്‍.ആര്‍.ടി.എസ് കോറിഡോര്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. മണിക്കൂറില്‍ 160 - 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ ആര്‍.ആര്‍.ടി.എസ് നെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആര്‍ ആര്‍.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം പൂര്‍ണ്ണമായും ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളില്‍ കൂടി) ആയി നടപ്പിലാക്കാന്‍ കഴിയും.
സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പില്‍ കൂടെയുള്ള (embankment) മോഡലിന് പകരം തൂണുകള്‍ വഴിയുള്ള (elevated viaduct) മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്, ടണല്‍ എന്നിവയിലൂടെയും ആയിരിക്കും.
ആര്‍.ആര്‍.ടി.എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ സാധ്യമാകും. ലാസ്റ്റ് മൈല്‍ കണക്ട്വിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും.
പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സര്‍ക്കാര്‍, 20% കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പ എന്ന നിലയിലാണ് ഡല്‍ഹി ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുക വഴി സംസ്ഥാനത്തിന് സാമ്പത്തിക ഭാരം കുറയ്ക്കുവാനും കഴിയും.
---------------
Hindusthan Samachar / Sreejith S