Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ഫെബ്രുവരി (H.S.)
ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോകമെമ്പാടും ശബരിമലയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കാനാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടതെങ്കിലും നടന്നത് തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവിടെ നടക്കുന്ന വെട്ടിപ്പ് കൊണ്ട് ലോകമെമ്പാടും ശബരിമല പ്രശസ്തി ആര്‍ജ്ജിച്ചിരിക്കുകയാണ്. ദേവസ്വം മന്ത്രി വി.എന്‍. വാസവന് ഈ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ആഗോള സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി മുന്‍കൈ എടുത്തത് മന്ത്രിയാണ്. നിര്‍ദ്ദേശങ്ങള്‍ കൊടുത്തത് മന്ത്രിയാണ്. അത് വന്‍ നേട്ടമാണെന്ന് പറഞ്ഞ് അഭിമാനം കൊണ്ടത് ഈ മന്ത്രിയാണ്. പക്ഷേ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തനിക്ക് ഉത്തരവാദിത്വമില്ല, എല്ലാം ബോര്‍ഡിന്റെ തലയിലാണ് എന്ന് പറഞ്ഞ് ദേവസ്വം മന്ത്രിക്ക് എങ്ങനെ ഒഴിയാന്‍ കഴിയും.
വിഎന്‍ വാസവനെതിരെയുള്ള അവകാശ ലംഘന നോട്ടീസ് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്്. നിയമസഭയില്‍ മന്ത്രി പറഞ്ഞ മറുപടികള്‍ക്ക് കടകവിരുദ്ധമായിട്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചിട്ട്, ആ സംഗമം കഴിഞ്ഞിട്ടാണ് സ്പോണ്‍സര്‍മാരെ തിരക്കി നടക്കുന്നത്. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പരിപാടിക്ക് സ്പോണ്‍സര്‍മാരെ നേരത്തെയാണ് തീരുമാനിക്കുന്നത്, കണ്ടെത്തുന്നത്. ഇവിടെ പരിപാടി കഴിഞ്ഞിട്ട് സ്പോണ്‍സര്‍മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ടെന്‍ഡര്‍ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കമ്പനിക്ക് ചുമതല ഏല്‍പ്പിച്ചത്. അടിമുടി ഇതിനകത്ത് അഴിമതിയാണ്. ആ അഴിമതിയില്‍ നിന്നും മന്ത്രിക്ക് മാറി നില്‍ക്കാന്‍ സാധ്യമല്ല. അയ്യപ്പഭക്തന്‍മ്മാരോട് വലിയ ക്രൂരയാണ് സര്‍ക്കാര്‍ കാണിക്കുന്നത്.
ശരിയായ അന്വേഷണം ഈ കാര്യത്തില്‍ ഉണ്ടാകണം.അങ്ങിനെ ഉണ്ടായാല്‍ പലരും അഴി എണ്ണേണ്ടി വരും. ഈ ഗവണ്‍മെന്റിന് ശബരിമലയോട് ഇത്രയും വലിയ വിരോധം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യുവതീ പ്രവേശത്തില്‍ തുടങ്ങിയതാണ്, ഇപ്പോള്‍ ആഗോളസംഗമത്തിലെത്തി നില്‍ക്കുന്നു. എല്ലായിടത്തും സര്‍ക്കാര്‍ പരസ്യമാണ്. കെഎസ്ആര്‍ടിസിയലട്ടം വന്‍ തുകക്ക് പരസ്യങ്ങള്‍ നല്‍കുന്നു. ജനങ്ങളുടെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഏതാണ്ട് ഒരു മാസം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. അതിനിടയില്‍ ജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട് ഏകപക്ഷീയമായി ഇടതുമുന്നണി ഇപ്പോള്‍ പ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും.
ജനങ്ങള്‍ മടുത്ത ഒരു ഗവണ്‍മെന്റാണിത്. ജനങ്ങളുടെ മടുപ്പ് എല്ലാ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചിട്ടുള്ളതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളെ തിരസ്‌കരിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഈ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S