Enter your Email Address to subscribe to our newsletters

Kollam, 14 ഫെബ്രുവരി (H.S.)
വിവാഹ പന്തലില്‍ വച്ചിരുന്ന കുപ്പിവെള്ളം എടുത്തുകൊണ്ടുപോയതിനെ തുടര്‍ന്ന് സംഘര്‍ഷം. ഒരു വിഭാഗം ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. പാതിരപ്പള്ളി വെളിയില്‍ വീട്ടില്‍ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകള്‍ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്ഥാപന ഉടമ എസ്എന്‍പുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നല്‍കിയ പരാതിയില്‍ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ന് കഞ്ഞിക്കുഴി കിഴക്കു കട്ടയില്‍ അമ്പലത്തിനു സമീപമുള്ള മന്നത്താന്‍ വീടിനു മുന്നില്‍ ആയിരുന്നു സംഭവം. ഷിബുവിന്റെ അമ്മാവന്റെ മകന്റെ കല്യാണ പരിപാടിക്കിടെ പന്തലില്‍ നിന്ന് എടുത്ത് മാറ്റാന്‍ ശ്രമിച്ച കുപ്പിവെള്ളം തിരികെ വയ്പിച്ചതിനെ ചൊല്ലി ഷിബുവും ബിന്ദുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ ബിന്ദു കത്തികൊണ്ട് പിന്നില്‍ നിന്ന് കുത്തുകയുമായിരുന്നുവെന്ന് ഷിബു പറഞ്ഞു.
കഴിഞ്ഞ ദിവസം പപ്പടം വിളമ്പാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് വിവാഹവേദിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് പപ്പടം വിളമ്പാത്തതിന്റെ പേരില്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ അടി നടന്നു. ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് സംഭവം. വിവാഹ സല്‍ക്കാര ഹാളില്‍ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയില്‍ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കു നീങ്ങി. പിന്നീട് ഇരുഭാഗത്തെയും ആളുകള്‍ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു.
മാറനല്ലൂര്‍- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹ സല്‍ക്കാരം. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പൊലീസ് എത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് മടങ്ങി. പരാതിയില്ലെന്ന് പെണ്ണിന്റെയും ചെറുക്കന്റെയും കൂട്ടര്‍ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.
---------------
Hindusthan Samachar / Sreejith S