Enter your Email Address to subscribe to our newsletters

Pathanamthitta, 15 ഫെബ്രുവരി (H.S.)
കേരളത്തിൻ്റെ നോവായ ആലിൻ ഷെറിൻ എബ്രഹാം മടങ്ങി. അവയവദാനത്തിലൂടെ പുതുചരിത്രമെഴുതിയ ആലിൻ ഷെറിന് സംസ്ഥാന ബഹുമതികളോടെ നാട് വിട ചൊല്ലി. പത്തനംതിട്ട മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കുഞ്ഞ് ആലിന്‍റെ സംസ്‌കര ചടങ്ങുകള്‍ പൂര്‍ത്തിയായി.
ആലിനെ അവസാനമായി കാണാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്. അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ആലിന്‍ യാത്രയായത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വീണ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്ക് ചേര്‍ന്നു.
നാടിൻ്റെ നോവായ ആലിന്‍ ഷെറിന്‍റെ എബ്രഹാമിന്‍റെ മാതാപിതാക്കള്‍ക്ക് ഹൃദയഭേദകമായ കുറിപ്പുമായി നടന്‍ കമല്‍ ഹാസന്‍. ആലിന്‍ ഇനി മറ്റ് അഞ്ച് കുഞ്ഞുങ്ങളെ മികച്ച ജീവിതം നയിക്കാൻ സഹായിക്കും. നിങ്ങൾ എന്നും സ്നേഹനിധികളായ മാതാപിതാക്കളായിരിക്കുമെന്നും സന്തോഷം തിരിച്ചുപിടിക്കണമെന്നും നിങ്ങള്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും കമല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കമല്‍ ഹാസന്‍റെ ഹൃദയഭേദകമായ കുറിപ്പ്:
അരുണ്‍ എബ്രഹാമിനും ഷെറിന്‍ ആന്‍ ജോണിനും സല്യൂട്ട്. നമ്മുടെ കുഞ്ഞ്, ആലിന്‍ ഷെറിന്‍ എബ്രഹാം, പത്ത് മാസം അമ്മയുടെ ഉള്ളിലും പത്ത് മാസം മാതാപിതാക്കളുടെ അതിരില്ലാത്ത സ്നേഹത്തിലും ജീവിച്ചു. ഇനി അവള്‍ മറ്റ് കുഞ്ഞുങ്ങളെ മെച്ചപ്പെട്ട ജീവിതം നയിക്കാനായി സഹായിക്കും. മനസുകൊണ്ടും ഹൃദയംകൊണ്ടും, നിങ്ങൾ സ്നേഹമുള്ള മാതാപിതാക്കളാണ്. എന്നും അങ്ങനെ തന്നെ തുടരും. ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങൾ രണ്ടുപേരും അത് ശരിക്കും അർഹിക്കുന്നു.
അവയവദാന രംഗത്തെ മാതൃക
അവയവദാന രംഗത്ത് സമാനതകളില്ലാത്ത മാതൃക കാണിച്ചതിനാണ് കുഞ്ഞ് ആലിന് ഈ അപൂർവ്വ ബഹുമതി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നല്‍കി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ. വാഹനാപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിൻ്റെ കരൾ, വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ആറിൽ താഴെ മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും കുഞ്ഞിൻ്റെ മാതാപിതാക്കളുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ആദരസൂചകമായി പൊലീസിൻ്റെ ഗാർഡ് ഓഫ് ഓണർ നൽകാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു.
കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും തയ്യാറായി. ഇതോടെയാണ് ആലിൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായത്. 2026 ഫെബ്രുവരി 5-ന് എം.സി റോഡിൽ പത്തനംതിട്ടയിലെ പള്ളം-ബോർമ ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 13-ന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR