മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ആക്രമിച്ച നാല് പേർ അറസ്‌റ്റിൽ
Kasaragod, 15 ഫെബ്രുവരി (H.S.) മഞ്ചേശ്വരത്ത് ലോറിയിൽ നിന്ന് കന്നുകാലികളെ ഇറക്കുന്നതിനിടെ തൊഴിലാളികളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂർ സ്വദേശി അനിൽകുമാർ (23), പെർമുദ
Culprit


Kasaragod, 15 ഫെബ്രുവരി (H.S.)

മഞ്ചേശ്വരത്ത് ലോറിയിൽ നിന്ന് കന്നുകാലികളെ ഇറക്കുന്നതിനിടെ തൊഴിലാളികളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂർ സ്വദേശി അനിൽകുമാർ (23), പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട് സ്വദേശികളായ ഭരത് (19), രക്ഷിത് (21) എന്നിവരാണ് പിടിയിലായത്. അക്രമികളിലൊരാൾ സംഭവസ്ഥലത്ത് മറന്നുപോയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേരെ ഇനിയും പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ മഞ്ചേശ്വരം ഉദ്യാവർ അണ്ടർപാസിന് സമീപമായിരുന്നു സംഭവം. പാലക്കാട് നിന്ന് അറവുശാലയിലേക്ക് കൊണ്ടുവന്ന കന്നുകാലികളെ ലോറിയിൽ നിന്ന് ഇറക്കുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫുർക്കാൻ (47), ദാവൂദ് (28) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ ആറംഗ സംഘം ഇവിടെ കന്നുകാലികളെ ഇറക്കാൻ അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഉടൻ തന്നെ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ രണ്ടുപേരും ചികിത്സ തേടിയിരുന്നു.

എല്ലാ ആഴ്ചയും നിയമപരമായി കന്നുകാലികളെ ഇവിടെ എത്തിക്കാറുണ്ടെന്നും എന്തിനാണ് ഈ ആക്രമണമെന്ന് വ്യക്തമല്ലെന്നും അറവുശാല ഉടമ പറഞ്ഞു.

മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തായിരുന്നു അക്രമം നടന്നത്. കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയാണ് സംഘം ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ചത്.

പരിക്കേറ്റവരെ എകെഎം അഷ്റഫ് എംഎല്‍എ ആശുപത്രിയിലെത്തി കണ്ടു. മഞ്ചേശ്വരത്തും സംഘ പരിവാറിൻ്റെ ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണെന്നും പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ അഞ്ചോളം വരുന്ന സംഘപരിവാറിൻ്റെ ഭീകര സംഘം തൊഴിലാളികളെ ക്രൂരമായി മർദിക്കുകയായിരുന്നെന്നും എംഎല്‍എ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. ഇലക്ഷന് മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാറിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

കന്നുകാലികളെ കൊണ്ട് പോകുന്നതിനും മറ്റും കേരളത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ഈ ക്രൂര അക്രമത്തിൻ്റെ കാര്യം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും എംഎല്‍എ പോസ്റ്റില്‍ വ്യക്തമാക്കി.

അക്രമത്തിന് നേതൃത്വം നൽകിയ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും എകെഎം അഷ്റഫ് എംഎല്‍എ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News