ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരിഖ് റഹ്മാൻ ഫെബ്രുവരി 17ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും
Dhaka, 15 ഫെബ്രുവരി (H.S.) ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരിഖ് റഹ്മാൻ ഫെബ്രുവരി 17ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിഎൻപി വൻ വിജയം നേടിയതിന് പിന്നാലെയാണ് 17ന്
Bangladesh Nationalist Party


Dhaka, 15 ഫെബ്രുവരി (H.S.)

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരിഖ് റഹ്മാൻ ഫെബ്രുവരി 17ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിഎൻപി വൻ വിജയം നേടിയതിന് പിന്നാലെയാണ് 17ന് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ചൈനയ്‌ക്കും പാകിസ്ഥാനും ക്ഷണമുണ്ടെന്നും റിപ്പോർട്ടുകള്‍.

ജാതിയ സങ്‌സാദ് (പാർലമെൻ്റ്) സമുച്ചയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുമെന്നും സ്‌പീക്കർ ഷിരിൻ ഷാർമിൻ ചൗധരിക്ക് പകരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) എഎംഎം നാസിർ ഉദ്ദീൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ അനുസരിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും അഭാവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കാണ് സത്യ വാചകം ചൊല്ലിക്കൊടുക്കേണ്ടുന്ന ചുമതലയുള്ളത്.

മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പുതിയ പാർലമെൻ്റ് അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. ബംഗ്ലാദേശ് ആഭ്യന്തര കലാപത്തിന് പിന്നാലെ ഡെപ്യൂട്ടി സ്‌പീക്കർ ജയിലാവുകയും സ്‌പീക്കർ രാജിവച്ച് ഒഴിയുകയും ചെയ്‌തിരുന്നു. 2024ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ശേഷം ബംഗ്ലദേശിൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗ്ലദേശിൽ 299 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 209 സീറ്റുകളാണ് ബിഎൻപി നേടിയത്. 20 വർഷത്തിനു ശേഷമാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത്.

അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് തിയതികള്‍ നിശ്ചയിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് ക്ഷണമുണ്ടായിരിക്കുന്നത്. നരേന്ദ്ര മോദിയെയും മറ്റ് നിരവധി പ്രാദേശിക നേതാക്കളെയും ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനകം ഇന്ത്യയ്‌ക്ക് ക്ഷണം നൽകിയെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. നിരവധി രാജ്യങ്ങളിലെ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും ബിഎൻപി അറിയിച്ചു. എന്നാൽ ഇന്ത്യയ്‌ക്കുള്ള ക്ഷണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല.

നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗ്ലാദേശിൻ്റെ താത്പര്യങ്ങൾക്ക് അധിഷ്‌ഠിതമായിരിക്കും ഇന്ത്യയുമായുള്ള വിദേശനയമെന്ന് താരിഖ് റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് താരിഖ് റഹ്മാൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ മോദി ധാക്കയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് മറ്റ് ചില റിപ്പോർട്ടുകള്‍. ഫെബ്രുവരി 17ന് മുംബൈയിൽ വച്ചാണ് ഇമ്മാനുവൽ മാക്രോണുമായുള്ള ചർച്ചകള്‍ നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ അയക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വിജയത്തിൽ മോദി നേരത്തെ ആശംസകളറിയിച്ചിരുന്നു. ചരിത്രപരവും സാംസ്‌കാരികവുമായ ആഴത്തിലുള്ള ബന്ധങ്ങളുള്ള രണ്ട് അടുത്ത അയൽക്കാർ എന്ന നിലയിൽ, നമ്മുടെ ജനങ്ങളുടെയും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിക്കുന്നു. ബംഗ്ലാദേശ് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തിന് എൻ്റെ ആശംസകളും പിന്തുണയും എന്നാണ് മോദി ആശംസിച്ചത്.

നേരത്തെ മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം സമ്മർദ്ദത്തിലാക്കിരുന്നു. താരിഖ് റഹ്മാൻ്റെ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ അന്തരിച്ചതിന് ശേഷവും ഇന്ത്യ താരിഖുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അനുശോചനം അറിയിച്ചിരുന്നു. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം സമ്മർദ്ദത്തിലാക്കിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും വാർത്തയാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News