Enter your Email Address to subscribe to our newsletters

Kasaragod, 15 ഫെബ്രുവരി (H.S.)
ആത്മഹത്യ ചെയ്‌ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്‌മയുടെ ആണ്‍സുഹൃത്തും മരിച്ചനിലയില്‍. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍ ഉച്ചക്ക് 2.30 ഓടെയാണ് സന്ദേശിനെ (29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ചിന്നു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം. ഫെബ്രുവരി ഒന്‍പതിനാണ് ആദൂര്‍ ആലന്തടുക്ക സ്വദേശിനിയായ ചിന്നു പാപ്പു എന്ന രേഷ്‌മയെ (25) കൂഡ്ലു, ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ചിന്നുവിൻ്റെ മരണത്തിന് പിന്നാലെ കുടുംബവും ദുരൂഹത ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്‌തത്. ഈ അന്വേഷണം പൂർത്തിയാകുന്നതിനു മുൻപാണ് ഇപ്പോൾ സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആൺ സുഹൃത്തിൻ്റെ മൊഴിയിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്
ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്‌തത്. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
രേഷ്‌മ, ചിന്നു പാപ്പു എന്ന പേരിലാണ് ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ചിന്നു പാപ്പുവിന് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. രേഷ്‌മയുടെ മരണത്തിൽ ദുരൂഹത നീക്കാൻആൺ സുഹൃത്തിൻ്റെയും രേഷ്‌മയുടെയും മൊബൈൽ ഫോണുകളിൽ പരിശോധന നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ യുവതി തൂങ്ങിമരിച്ചത് ആണെന്ന് സ്ഥിരീകരിച്ചിരുന്നു . ആൺ സുഹൃത്തിൻ്റെ മൊഴിയിൽ അസ്വാഭാവികത ഇല്ലെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.
ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന രേഷ്‌മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി. തുമ്പൊന്നും ലഭിച്ചില്ലെങ്കിലും അന്വേഷണം തുടരുമെന്നു പൊലീസ് അറിയിച്ചിരുന്നു. കാസർകോട് ഭാഷ ശൈലിയിലാണ് ചിന്നു വിഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR