ശബരിമല യുവതീപ്രവേശനം:സർക്കാർ നിലപാട് കോടതിയിൽ അറിയാമെന്ന് സുകുമാരൻ നായർ
Kottayam, 15 ഫെബ്രുവരി (H.S.) ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെ, സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ ഉറ്റുനോക്കി എൻഎസ്എസ്. ശബരിമല വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്
G SUKUMARAN NAIR


Kottayam, 15 ഫെബ്രുവരി (H.S.)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെ, സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ ഉറ്റുനോക്കി എൻഎസ്എസ്. ശബരിമല വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടുണ്ടെന്നും ഈ മാറ്റം സ്ഥിരമാണോ അതോ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള താൽക്കാലിക നീക്കമാണോ എന്ന് കോടതിയിൽ സർക്കാർ നൽകുന്ന സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ശരിയായ സത്യവാങ്മൂലം നല്‍കാമായിരുന്നു. എങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നു.യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്. ആചാരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ അത് കോടതിയിൽ പ്രതിഫലിക്കണം. ശബരിമല വിഷയത്തില്‍ കേസ് കൊടുത്തത് എന്‍എസ്എസ് മാത്രമാണ്. ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടയുള്ളവര്‍ എന്‍എസ്എസിന് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ നിയമനടപടിയിലേക്ക് പോകാന്‍ തയാറായത് എന്‍എസ്എസ് മാത്രമാണ്. പാര്‍ട്ടികളോ സര്‍ക്കാരോ ഒന്നും ചെയ്തില്ല. പഴയ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍എസ്എസ് നിലകൊള്ളുന്നത്. വിശ്വാസ സംരക്ഷണത്തിനായി രാഷ്ട്രീയത്തിന് അതീതമായി സംഘടന നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ ബെഞ്ചിൻ്റെ വാദം കേട്ട് തീരുമാനിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുക എന്നതാണ് നാളത്തെ ഉദ്ദേശ്യം എന്നാണ് അറിയാന്‍ കഴിഞ്ഞത്. കോടതിയില്‍ തീരുമാനം ആകാതിരിക്കുമ്പോള്‍തന്നെ സര്‍ക്കാര്‍ യുവതീപ്രവേശനം തടഞ്ഞു. സര്‍ക്കാര്‍ എന്ത് നിലപാടെടുക്കും എന്നത് നമുക്ക് നിശ്ചയിക്കാനാകില്ല. ഈ വിഷയത്തിൽ സർക്കാരുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ, ആചാരലംഘനം നടന്ന സമയത്ത് എൻഎസ്എസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് സർക്കാരിൻ്റെ സമീപനത്തിൽ മാറ്റം വന്നതായി കാണുന്നുണ്ടെന്നും അത് ആത്മാർഥമാണോ എന്ന് പരിശോധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട 67-ഓളം പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ജി സുകുമാരൻ നായരുടെ ഈ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപിൻ പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കുക.

2017ലും 2018ലും സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സർക്കാർ, 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം നിലപാടിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല. കേസ് വരുമ്പോൾ നിലപാട് അറിയിക്കും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് കേസ് പരിഗണിക്കുമ്പോൾ സർക്കാരിന് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടി വരും. മുൻപ് യുവതീപ്രവേശനത്തെ ശക്തമായി എതിർത്തിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, അവസാനഘട്ടത്തിൽ മൃദുസമീപനം സ്വീകരിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ദേവസ്വം ബോർഡ് എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News