ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം
Ernakulam, 15 ഫെബ്രുവരി (H.S.) ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും. ആഗോള അയ്യപ്പസംഗമം നടത്തി സർക്കാർ ഈ
K C Venugopal


Ernakulam, 15 ഫെബ്രുവരി (H.S.)

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും. ആഗോള അയ്യപ്പസംഗമം നടത്തി സർക്കാർ ഈ വിഷയത്തിൽനിന്ന് കൈകഴുകാൻ ശ്രമിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സർക്കാർ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ അതോ അത് മാറ്റാൻ തയ്യാറാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സ്ത്രീപ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടെങ്കിൽ ആ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും അല്ലാത്തപക്ഷം സത്യവാങ്മൂലം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഒളിച്ചുകളി അനുവദിക്കില്ലെന്നും അഴകൊഴമ്പൻ സമീപനം അവസാനിപ്പിച്ച് കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും സതീശൻ വ്യക്തമാക്കി.

സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? അനുകൂലിക്കുന്നെങ്കില്‍ ഈ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുക. അനുകൂലിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലുമൊരു നിലപാട് വേണം. ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാകാന്‍ പോകുന്നത് യഥാര്‍ഥത്തില്‍ ഇപ്പോഴാണെ്നും സതീശന്‍ പറഞ്ഞു.

ഇനി സര്‍ക്കാര്‍ മാറുമല്ലോ, യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ യുഡിഎഫിന് ഈ കാര്യത്തില്‍ ഒരു നിലപാട് ഉണ്ടല്ലോ. ആ നിലപാട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് പറയും. പക്ഷേ നാളെ സുപ്രീംകോടതിയില്‍ കേസ് വരുമ്പോള്‍ നേരത്തേ കൊടുത്ത സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

ശബരിമലയുടെയും അയ്യപ്പൻ്റെയും പേരിൽ സിപിഎം വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പും സാമ്പത്തിക ക്രമക്കേടുകളും നടത്തിയതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.അയ്യപ്പൻ്റെ പേരിലാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് എതിരായി കേസ് എടുത്തത്. ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തി കോടികളാണ് അയ്യപ്പൻ്റെ പേരില്‍ സിപിഎം അടിച്ചുമാറ്റിയിരിക്കുന്നത്. കേരളം മളുവന്‍ ഫ്ലക്സ് വച്ച് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിച്ചു. എന്നിട്ട് ഇപ്പോള്‍ കൈ കഴുകി മാറുകയാണ്. അയ്യപ്പസംഗമത്തിൻ്റെ പൈസ അടിച്ചോണ്ട് പോയത് ആരാണെന്ന് ദേവസ്വം മന്ത്രിക്ക് അറിയില്ലെന്നാണ് പറയുന്നത്. അതുവരെ സര്‍ക്കാര്‍ അതിൻ്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിനതില്‍ പങ്കില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയുടെ പടം വച്ച് കേരളം മുളുവന്‍ ആഗോള അയ്യപ്പസംഗമം എന്ന് ഹോര്‍ഡിങ്സ് വച്ചതെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തു, സര്‍ക്കാരിൻ്റെ പിന്തുണയോടെ ദേവസ്വംബോര്‍ഡിനെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നതെന്നു പറഞ്ഞു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ എന്താ ബന്ധമില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സിപിഎമ്മിൻ്റെ പൊളിറ്റിക്കല്‍ അപ്പോയിൻ്റ്മെൻ്റാണ് ദേവസ്വംബോര്‍ഡ്. അവര്‍ നടത്തിയ കള്ളക്കണക്കുകള്‍ ആണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ശബരിമല വിടാതെ ഈ സര്‍ക്കാരിനെ പിന്തുടരുകയാണ്. കാരണം അത്രമാത്രം ക്രമക്കേടുകളും വൃത്തികേടുകളും കൊള്ളയുമാണ് സിപിഎമ്മിൻ്റെ നേതൃത്വത്തില്‍ ശബരിമലയില്‍നടന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തിയിരിക്കണമെന്നത് അച്ചട്ടാണെന്നും അതിനകത്ത് പുനര്‍വിചിന്തനത്തിൻ്റെ ആവശ്യം ഇല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതാണത്. അതില്‍നിന്ന് എങ്ങനെയാണ് ഗവണ്‍മെൻ്റ് പിന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അതിനെപ്പറ്റി വേവലാതിപെടേണ്ട കാര്യമില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രതികരണം. ജനാധിപത്യപരമായ അന്തസ് ഉയർത്തിപിടിക്കും. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയും. നാളെ പറയേണ്ടത് സര്‍ക്കാരല്ലേ. അത് അവര്‍ പറഞ്ഞോളും. പാര്‍ട്ടി പറയേണ്ടപ്പോള്‍ പാര്‍ട്ടി പറയും. എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ. മാറ്റമില്ലാത്തത് ഒറ്റ കാര്യം മാത്രമല്ലേ, അതാണ് മാറ്റം. മറ്റെല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News