Enter your Email Address to subscribe to our newsletters

Mumbai, 15 ഫെബ്രുവരി (H.S.)
മുംബൈയിലെ മുളുണ്ടിൽ നിർമാണത്തിലിരുന്ന മെട്രോ തൂണ്‍ തകർന്നു വീണ് ഒരാൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഷൈന എൻസി. ഇത്തരം അപകടങ്ങൾ തടയുന്നതിന് നിർമാണ സ്ഥലങ്ങളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഷൈന പറഞ്ഞു.
മുംബൈ മെട്രോ അപകടത്തിൽ മരിച്ച റാംധർ യാദവിന് ആദരാഞ്ജലികൾ. അപകടത്തിൽ പരിക്കേറ്റ രാജ്‌കുമാർ യാദവും ബബ്ലു യാദവും മഹേന്ദ്ര യാദവും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. അഗ്നിശമന സേനയും പൊലീസുമെല്ലാം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. എങ്കിലും ഒരാളുടെ ജീവൻ നമുക്ക് നഷ്‌ടമായി. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ രീതികൾ നിർമാണ സ്ഥലങ്ങളിൽ നമുക്ക് ആവശ്യമാണ്, ഷൈന പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻ്റെയും അപകടത്തിൽ പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് പണത്തിൻ്റെ പ്രശ്‌നമല്ല. മരിച്ചയാൾക്ക് ഒരിക്കലും നഷ്‌ടപരിഹാരം നൽകാൻ കഴിയില്ലെന്നും ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഷൈന പറഞ്ഞു.
ഇന്നലെ (ഫെബ്രുവരി 14) ഉച്ചക്ക് 12.30 ഓടെയായിരുന്നു മുംബൈയിലെ മുളുണ്ടിൽ നിർമാണത്തിലിരുന്ന മെട്രോ തൂണിൻ്റെ ഒരു ഭാഗം തകർന്ന് ഓട്ടോറിക്ഷയുടെയും കാറിൻ്റെയും മുകളിലേക്ക് വീണത്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഓട്ടോ പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എൽബിഎസ് റോഡിലുണ്ടായ അപകടം വലിയ ഗതാഗത തടസത്തിന് കാരണമായി. ഫയർഫോഴ്‌സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിർമാണത്തിലിരുന്ന മെട്രോ ലൈൻ 4 ൻ്റെ ഒരു സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. റാംധർ യാദവ് എന്നയാളാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മൂന്ന് പേരിൽ രാജ്‌കുമാർ യാദവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം വൻ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ മുംബൈ മോട്രോപൊളിറ്റിൻ റീജിയണൽ ഡെവലപ്‌മെൻ്റ് അതോറിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മരിച്ചയാളുടെ കുടുംബത്തിന് നഷ്‌ടപരിഹാര നൽകുമെന്നും പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും പൂർണ്ണമായും വഹിക്കുമെന്നും എംഎംആർഡിഎ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR