ആദ്യ ഭാര്യ മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടാംഭാര്യക്ക് പെന്‍ഷന്‍ അര്‍ഹതയില്ല; നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
Chennai, 15 ഫെബ്രുവരി (H.S.) സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടാം ഭാര്യമാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഒരേസമയം രണ്ടുഭാര്യമാരുണ്ടെങ്കില്‍ ആദ്യഭാര്യ മരിച്ചാല്‍ രണ്ടാംഭാര്യക്ക് കുടുംബപെന്‍ഷന് അര
High Court of Madras


Chennai, 15 ഫെബ്രുവരി (H.S.)

സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടാം ഭാര്യമാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഒരേസമയം രണ്ടുഭാര്യമാരുണ്ടെങ്കില്‍ ആദ്യഭാര്യ മരിച്ചാല്‍ രണ്ടാംഭാര്യക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സര്‍വീസ് പെരുമാറ്റച്ചട്ടം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവണ്‍മെന്റ് സര്‍വീസ് പെരുമാറ്റച്ചട്ടം പ്രകാരം ആദ്യഭാര്യ ജീവിച്ചിരിക്കെ രണ്ടാംവിവാഹം കഴിക്കുന്നത് വകുപ്പുതല നടപടികള്‍ നേരിടേണ്ടിവരുന്നകാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യഭാര്യ മരിച്ചാലും രണ്ടാംഭാര്യക്ക് കുടുംബപെന്‍ഷന്‍ അവകാശപ്പെടാന്‍ കഴിയില്ല. കാരണം രണ്ടാമത്തെ വിവാഹം തത്ത്വത്തില്‍ അസാധുവാണ് -ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് സി. കുമരപ്പന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. തിരുച്ചിറപ്പള്ളിയിലെ മുന്‍ ബി.ഡി.ഒ. എം. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോള്‍ രാധാകൃഷ്ണന്‍ 1992-ല്‍ മറ്റൊരുവിവാഹം കഴിച്ചു. തുടര്‍ന്ന് രണ്ട് ഭാര്യമാരോടൊപ്പം താമസിച്ചു. 2007-ല്‍ വിരമിച്ചശേഷം രാധാകൃഷ്ണന്‍ 2009-ല്‍ രണ്ട് ഭാര്യമാര്‍ക്കും കുടുംബപെന്‍ഷന്‍ ലഭിക്കുന്നതിനായി പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറില്‍ ഇരുവരെയും നോമിനികളായി ഉള്‍പ്പെടുത്തി.സര്‍ക്കാര്‍ അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണനയിലിരിക്കെ 2020-ല്‍ ആദ്യഭാര്യ മരിച്ചു. തുടര്‍ന്ന് രണ്ടാം ഭാര്യയെ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് രണ്ടാംഭാര്യയുടെ പേര് ഉള്‍പ്പെടുത്തണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തേ നിര്‍ദേശിച്ചതുപ്രകാരമായിരുന്നു ഇത്. ഈ ഉത്തരവിനെ ചോദ്യംചെയ്ത് തമിഴ്നാട് അക്കൗണ്ടന്റ് ജനറല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ആദ്യഭാര്യ മരിച്ചാലും രണ്ടാംഭാര്യക്ക് നാമനിര്‍ദേശം നല്‍കാനോ കുടുംബപെന്‍ഷന്‍ അനുവദിക്കാനോ അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു. നേരത്തേയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവും കോടതി റദ്ദാക്കി.

---------------

Hindusthan Samachar / Sreejith S


Latest News