Enter your Email Address to subscribe to our newsletters

Kannur, 15 ഫെബ്രുവരി (H.S.)
കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. അറുപത്തി രണ്ട് വയസായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയിരുന്നു. മുഖ്യമന്ത്രിയില്‍ നിന്നായിരുന്നു പുരസ്‌കാരം കൈപറ്റിയത്. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ കീടനാശിനി ഉള്ളില്‍ ചെന്നു അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു.
40 ലക്ഷത്തോളം കടം ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ 35 വര്‍ഷമായി പച്ചക്കറി കര്‍ഷകനായിരുന്നു ഏലിയാസ്. 12 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. പാവല്‍, വാഴ, പയര്‍, പടവലം, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിളയുടെ വിലക്കുറവും കഴിഞ്ഞവര്‍ഷം കൃഷിനാശം ഉണ്ടായതും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും സമയബന്ധിതമായി ലഭിക്കാതിരുന്നത് ഏലിയാസിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. കര്‍ഷകരോടും കാര്‍ഷികമേഖലയോടുമുള്ള സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും അനാസ്ഥയാണ് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറി കൃഷിക്കാരനായിരുന്ന ഏലിയാസ് അമ്പാട്ട് ജീവനൊടുക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുകയും ഇദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണമെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S