കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ
Kerala, 15 ഫെബ്രുവരി (H.S.) കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞു. 1957-ൽ കേരളം രൂപീകൃതമായപ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത
amartya sen


Kerala, 15 ഫെബ്രുവരി (H.S.)

കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞു. 1957-ൽ കേരളം രൂപീകൃതമായപ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഇന്ന് വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറി. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ നൽകിയ വീഡിയോ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പതിനാലാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരിയായ ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ചപ്പോൾ ഇവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉയർന്ന സാമൂഹിക പദവിയും കണ്ട് അത്ഭുതപ്പെട്ടിരുന്നു. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പിന്നിൽ ഇത്തരം ചരിത്രപരമായ അടിത്തറയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിന് മുന്നിൽ എക്കാലത്തും തുറന്ന സമീപനമാണ് കേരളം സ്വീകരിച്ചിരുന്നത് പുരാതന കാലം മുതൽക്കെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തിൽ എത്തിച്ചേരുകയും ഇവിടുത്തെ സംസ്കാരവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇത്തരം ബന്ധങ്ങളും ആശയവിനിമയങ്ങളും കേരളത്തെ കൂടുതൽ വിശാലമനസ്കതയുള്ള നാടാക്കി മാറ്റി. ഇന്ത്യയിൽ മതേതരത്വം ദുർബലപ്പെടുമ്പോഴും കേരളത്തിൽ അത് ശക്തമായി നിലനിൽക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും അമർത്യ സെൻ പറഞ്ഞു.

വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണെന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ സാക്ഷരത ഏതാണ്ട് പൂർണ്ണമാണ്. വെറുതെ എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണെന്നും ഈ മാതൃക അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിഷൻ 2031 കോൺഫറൻസിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന് ഭാവിയിൽ നടപ്പിലാക്കാൻ സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു.

സുസ്ഥിര വികസനത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് പറഞ്ഞു. 40 വർഷം മുമ്പ് ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് നേടിയ ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. മത്സ്യബന്ധന മേഖലയിലെ തൻ്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് വലിയ പ്രചോദനം ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കേരളത്തിൻ്റെ നേട്ടങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രാദേശികവും പോഷകസമൃദ്ധവുമായ ഉൽപ്പന്നങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുന്നു

നീളമേറിയ കടൽത്തീരവും കായലുകളും പുഴകളും കേരളത്തിന് സമ്പന്നമായ മത്സ്യസമ്പത്ത് നൽകുന്നു. മത്സ്യം, ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ മികച്ച പോഷകാഹാരങ്ങളാണ്. ഇവ കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും നൽകുന്നു ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മത്സ്യങ്ങളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഭക്ഷ്യനഷ്ടം കുറയ്ക്കാനും കേരളത്തിന് സാധിക്കുന്നുണ്ടെന്നും കടൽപ്പായൽ കൃഷിയിൽ കേരളം മുന്നേറുകയാണെന്നും അവർ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News