Enter your Email Address to subscribe to our newsletters

Kochi, 15 ഫെബ്രുവരി (H.S.)
കേരള കോണ്‍ഗ്രസ്(എം) നേതൃത്വത്തില്‍ ഭിന്നത എന്ന പ്രചരണത്തിന് എതിരെ മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാനോട് പൂര്‍ണമായും വിധേയപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഒരു വാര്‍ത്താചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുമായി തനിക്ക് യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും, ഇരുവരെയും വേര്‍പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. തങ്ങള്‍ ഒരുമെയ്യ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസില്‍ ആഭ്യന്തര അസന്തോഷമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. ചില വിഷയങ്ങളില്‍ ജോസ് കെ മാണിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി അഭിപ്രായപ്പെട്ടുവെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ ഭാവനയില്‍ നിന്ന് പറയുന്നതാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചെയര്‍മാനാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിന്‍ തന്നോട് പറഞ്ഞെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ആര് മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്.
---------------
Hindusthan Samachar / Sreejith S