Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഫെബ്രുവരി (H.S.)
തിരുവനന്തപുരം : പാങ്ങോട് പട്ടാള ക്യാമ്പില്‍ നിന്നും മോഷണം പോയ ആനക്കൊമ്പുകള്‍ ഇതുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയാണ് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ കളവ് പോയത്. അന്വേഷണം നടക്കുന്നുണ്ടെന്നല്ലാതെ പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 18 പേരെ പോലീസ് ചോദ്യം ചെയ്തു. മോഷണം നടന്ന ദിവസം ക്യാമ്പില്‍ വെച്ച് നടന്ന പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ക്കായി എത്തിയവരെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതാണ് പോലീസിനെ വട്ടം ചുറ്റിക്കുന്നത്.
അതേസമയം, ആനക്കൊമ്പുകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പോലീസിന്റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്‌സ് മെസ്സും പരിസരവും വ്യാപകമായി പരിശോധിച്ചെങ്കിലും ആനക്കൊമ്പുകള്‍ കണ്ടെത്താനായില്ല. ക്യാമ്പിനുള്ളില്‍ പരിശോധന നടത്താന്‍ പോലീസിന് പരിമിതികള്‍ ഉണ്ട്. ഇതിനാല്‍ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.
സൈനിക ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് കളവ് പോയത്. 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകളാണിതെന്നാണ് പുറത്തുവന്ന വിവരം. ഓഫീസേഴ്സ് ക്ലബില്‍ ആയിരുന്നു മോഷണം പോയ ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരുന്നത്. 1929ല്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ആനക്കൊമ്പുകളാണ് അതീവ സുരക്ഷാമേഖലയില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ന്നത്. ബുധനാഴ്ച ക്യാമ്പില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകള്‍ മോഷണം പോയത്. സംഭവത്തില്‍ വ്യാഴാഴ്ച രാത്രിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
---------------
Hindusthan Samachar / Sreejith S