Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ഫെബ്രുവരി (H.S.)
ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘം ആക്രമിച്ചപ്പോള്‍ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകല്‍ ഒരു ക്രിമിനല്‍ കുത്തി പരിക്കേല്‍പ്പിച്ചു. വടിവാളുകള്‍ക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആര്‍ ഏജന്‍സികള്‍ ഊതി വീര്‍പ്പിച്ച അതേ പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓര്‍ക്കണം.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡോയിയില്‍ വ്യക്തമാണ്. എന്നിട്ടും മര്‍ദ്ദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിര്‍വഹണമാണിത്? പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനല്‍ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്‍ ചേര്‍ത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്.
അയ്യപ്പന്റെ സ്വര്‍ണം പോലും തട്ടിയെടുത്ത കൊള്ള സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി നടപ്പാക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്.
സി.പി.എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചതൊക്കെയും കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ക്രിമിനലുകളെ വളര്‍ത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. കേരളം അതിനായി കാത്തിരിക്കുകയാണെന്നത് സര്‍ക്കാരും സി.പി.എമ്മും മറക്കേണ്ടെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
കുടുംബത്തോടൊപ്പം എത്തിയ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെയാണ് മാളില്‍ വച്ച് അക്രമമുണ്ടായത്. ആദ്യം ആക്രമിക്കപ്പെട്ടത് മിഥുനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ മിഥുനെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകനായ വിനയ് പ്രകാശ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. മിഥുനൊപ്പമുണ്ടായിരുന്ന യുവതി ''അവനെ അടിച്ചു കൊല്ല് ചേട്ടാ'' എന്ന് പ്രേരിപ്പിച്ചുവെന്ന ആരോപണവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ ഇത്തരമൊരു ആക്രോശം കേള്‍ക്കുന്നില്ലെന്നതാണ് മിഥുന്റെ വാദം. സംഭവസമയത്ത് മിഥുനൊപ്പമുണ്ടായിരുന്നത് സഹോദരിയാണെന്നും, എഫ്.ഐ.ആറില്‍ 'പേരറിയാത്ത സ്ത്രീ' എന്ന് പരാമര്‍ശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതോടെ സഹോദരിയും കേസില്‍ പ്രതിയായി.
---------------
Hindusthan Samachar / Sreejith S