Enter your Email Address to subscribe to our newsletters

Kochi, 15 ഫെബ്രുവരി (H.S.)
പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അതിജീവിത. ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയില്‍ രാഹുലിന് കേരള ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെ എതിര്‍ത്താണ് സുപ്രീംകോടതിയിലെത്തുന്നത്.
ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീല്‍ഹര്‍ജി നല്‍കാന്‍ യുവതി നിയമനടപടി തുടങ്ങി. അഭിഭാഷകരുമായി ചര്‍ച്ചകള്‍ക്കുശേഷം വൈകാതെ അപ്പീല്‍ ഹര്‍ജി നല്‍കിയേക്കും. രാഹുലിനെതിരായ കേസില്‍ ആദ്യമായാണ് യുവതി സുപ്രീംകോടതിയിലെത്തുന്നത്. പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്നുകഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കിയത്. ഇക്കാര്യങ്ങളില്‍ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 16 മുതല്‍ 3 ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും, മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു
ഈ മാസം 16, 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി രാഹുലിനോട് നിര്‍ദേശിച്ചത്. ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താം. രാഹുലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 1 ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നുമിടയില്‍ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. അതിജീവിതയേയോ സാക്ഷികളെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. കേരളം വിട്ടു പോകരുത്. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നതെന്നായിരുന്നു രാഹുലിന്റെ വാദം. ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പരാതി നല്‍കിയതാണെന്നും, രാഷ്ട്രീയ പ്രേരിതമാണ് കേസെന്നും രാഹുല്‍ വാദിച്ചു. രാഹുല്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും, മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമായിരുന്നു അതിജീവിതയുടെയും പൊലീസിന്റെയും വാദം.
ബലാത്സംഗം ചെയ്യുകയും പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമുള്ള പരാതിയില്‍ കേസെടുത്തതോടെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നേരത്തെ രണ്ടാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യവും, മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യവും രാഹുലിന് ലഭിച്ചിരുന്നു. ഇതോടെ മൂന്നു പീഡനക്കേസിലും രാഹുലിന് ജാമ്യമായി.
---------------
Hindusthan Samachar / Sreejith S