റഷ്യന്‍ എണ്ണവാങ്ങില്ലെന്ന അമേരിക്കന്‍ പ്രസ്താവന തിരുത്തി ഇന്ത്യ; തന്ത്രപരമായ സ്വയംഭരണത്തില്‍' വിട്ടുവീഴ്ചയില്ല
New delhi, 15 ഫെബ്രുവരി (H.S.) റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കയുടെ അവകാശവാദം തിരുത്തി ഇന്ത്യ. റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ അവകാശവാദമാണ് ഇന്ത്യ തിരുത്ത
jayasankar


New delhi, 15 ഫെബ്രുവരി (H.S.)

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കയുടെ അവകാശവാദം തിരുത്തി ഇന്ത്യ. റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ അവകാശവാദമാണ് ഇന്ത്യ തിരുത്തിയത്. രാജ്യത്തിന്റെ 'തന്ത്രപരമായ സ്വയംഭരണത്തില്‍' വിട്ടുവീഴ്ചയില്ലെന്ന്, മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവേ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവര്‍ത്തിച്ചു. തീരുമാനങ്ങളെടുക്കുന്നതില്‍ ഇന്ത്യ എപ്പോഴും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തും. എണ്ണയുടെ ലഭ്യത, ചെലവ് എന്നിവ വിലയിരുത്തി കമ്പനികളാണ് അതില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ ഊര്‍ജമേഖലയ്ക്കുമേല്‍ യു.എസ്. പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റൂബിയോയുടെ പരാമര്‍ശം. നേരത്തേ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാനമായ അവകാശവാദമുന്നയിച്ചിരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ ഒഴിവാക്കി യു.എസില്‍നിന്ന് കൂടുതല്‍ വാങ്ങുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. റൂബിയോയ്ക്ക് മറുപടിയായി, തീരുമാനങ്ങളെടുക്കുന്നതില്‍ ഇന്ത്യ എപ്പോഴും സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുമെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യ ചരിത്രപരമായിത്തന്നെ പിന്തുടര്‍ന്നുവരുന്ന രീതിയാണത്. എണ്ണയുടെ ലഭ്യത, ചെലവ്, അപകടസാധ്യത എന്നിവ വിലയിരുത്തി കമ്പനികളാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് രാജ്യങ്ങള്‍ നിലപാടുകളില്‍ മാറ്റം വരുത്താറുണ്ടെങ്കിലും ഇന്ത്യയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യ റഷ്യന്‍ എണ്ണ ഉപേക്ഷിക്കുമെന്ന വാര്‍ത്തകള്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് തള്ളി. യു.എസ്. ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇത്തരമൊരു കാര്യം പറയുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളില്‍ വലിയൊരു ഭാഗം റഷ്യയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആകെ ക്രൂഡ് ഓയിലിന്റെ 35 ശതമാനം റഷ്യയില്‍ നിന്നാണ്.

---------------

Hindusthan Samachar / Sreejith S


Latest News