പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; 61 റണ്‍സ് വിജയവുമായി ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍
Kolambo, 15 ഫെബ്രുവരി (H.S.) ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ്
india cricket


Kolambo, 15 ഫെബ്രുവരി (H.S.)

ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി. 61 റണ്‍സിന്റെ മിന്നും ജയം ഇന്ത്യക്ക് സ്വന്തം.

34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന്‍ അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന്‍ (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍.

ടോസ് നഷ്ടപ്പെട്ട്ബാറ്റിങ്ങിന് ഇറങ്ങിയ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 40 പന്തില്‍ 77 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചറി നേടി പുറത്തായി. മൂന്ന് സിക്‌സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ആദ്യ ഓവറിലെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു.

പവര്‍പ്ലേയിലെ ആറോവറില്‍ അഞ്ചും എറിഞ്ഞത് സ്പിന്നര്‍മാരായിരുന്നു. കൊളംബോയിലെ സ്പിന്‍ പിച്ചിന്റെ ആനുകൂല്യം തുടക്കത്തില്‍ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാല്‍ അധികം പരുക്കില്ലാതെ ഇന്ത്യ പിടിച്ചുനിന്നു. 27 പന്തുകളില്‍ നിന്നാണ് ഇഷാന്‍ 50 തികച്ചത്. സ്‌കോര്‍ 88ല്‍ നില്‍ക്കെ സയിം അയൂബിന്റെ പന്തില്‍ ഇഷാന്‍ ബോള്‍ഡായി മടങ്ങി. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവും നിലയുറപ്പിച്ചതോടെ 11.1 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 126ല്‍ നില്‍ക്കെ തിലകിനെയും ഹാര്‍ദിക് പാണ്ഡ്യയെയും പുറത്താക്കിയ പാക്ക് സ്പിന്നര്‍ സയിം അയൂബ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ പാക്കിസ്ഥാന്‍ റണ്ണൊഴുക്കു നിയന്ത്രിച്ചു. അപ്പോഴും പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 17 ഓവറുകള്‍ പിന്നിടുമ്പോള്‍ 140 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 20-ാം ഓവറില്‍ ശിവം ദുബെയും റിങ്കു സിങ്ങും ചേര്‍ന്ന് 16 റണ്‍സ് അടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്‌കോറില്‍ എത്തി.

---------------

Hindusthan Samachar / Sreejith S


Latest News