ന്യൂനപക്ഷ ക്ഷേമവും വികസനവും ലക്ഷ്യം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
Newdelhi , 16 ഫെബ്രുവരി (H.S.) ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ
ന്യൂനപക്ഷ ക്ഷേമവും വികസനവും ലക്ഷ്യം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ


Newdelhi , 16 ഫെബ്രുവരി (H.S.)

ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസ-സാമൂഹിക വികസനം, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവ ചർച്ചയായി.

കേരളയാത്രയിലെ ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ

'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അടുത്തിടെ നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന പരാതികളും നിർദ്ദേശങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വികസന കാര്യങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം, വിമാനത്താവളങ്ങളിലെ സേവനം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ കേന്ദ്ര സഹായം അഭ്യർത്ഥിച്ചു.

ന്യൂനപക്ഷ പ്രശ്നങ്ങളും വഖഫ് ആശങ്കകളും

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിവിധ ആശങ്കകൾ കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി. പ്രധാനമായും താഴെ പറയുന്ന ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു:

-

വഖഫ്-എസ്.ഐ.ആർ വിഷയങ്ങൾ: വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങളിലെ സമുദായത്തിന്റെ ആശങ്കകൾ അദ്ദേഹം നേരിട്ട് അറിയിച്ചു.

-

വിദ്യാഭ്യാസ പദ്ധതികൾ: നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

-

അലിഗഢ് സെന്റർ വികസനം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന അലിഗഢ് മുസ്‌ലിം സർവകലാശാലാ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ ഫണ്ടും നടപടികളും കേന്ദ്രം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

-

പൈതൃക സംരക്ഷണം: പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

-

നീതിയുള്ള ഭരണം: ബറേലി സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരപരാധികൾക്ക് നീതി ഉറപ്പാക്കണമെന്നും ഉത്തരേന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റമദാൻ സന്ദേശവും അഭിനന്ദനവും

തുടങ്ങാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിന്റെ സന്ദേശം കാന്തപുരം പ്രധാനമന്ത്രിക്ക് കൈമാറി. ആഗോളതലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നയതന്ത്ര ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. തിരിച്ച്, മർകസിലൂടെയും ജംഇയ്യത്തുൽ ഉലമയിലൂടെയും കാന്തപുരം നടത്തുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയുടെ യശസ്സ് ആഗോളതലത്തിൽ ഉയർത്തുന്ന ഇത്തരം ഇടപെടലുകളെ അടുത്തറിയുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ അനുഭാവപൂർണ്ണമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും ഗ്രാൻഡ് മുഫ്തിക്കൊപ്പമുണ്ടായിരുന്നു.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ കൂടുതൽ അടുത്ത് സംവദിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് കൂടിക്കാഴ്ച അവസാനിച്ചത്. വിഭവശേഷി വിതരണത്തിൽ പ്രാദേശിക സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്നും സാമ്പത്തിക മുന്നേറ്റത്തിനൊപ്പം മാനവ വികസനത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Roshith K


Latest News