ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ ഏപ്രിൽ മുതൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
Newdelhi, 16 ഫെബ്രുവരി (H.S.) ന്യൂഡൽഹി: ഏറെ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യമുള്ള ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് ഹ
ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ ഏപ്രിൽ മുതൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും


Newdelhi, 16 ഫെബ്രുവരി (H.S.)

ന്യൂഡൽഹി: ഏറെ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യമുള്ള ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒൻപതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഏപ്രിൽ ഏഴ് മുതൽ ഹർജികൾ തരംതിരിച്ച് വാദം തുടങ്ങാൻ കോടതി തീരുമാനിച്ചു.

കോടതിയുടെ നിർദ്ദേശങ്ങൾ:

കേസുമായി ബന്ധപ്പെട്ട വിവിധ കക്ഷികൾ തങ്ങളുടെ വാദങ്ങൾ എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. മാർച്ച് പതിനാലിന് മുമ്പ് തന്നെ വാദങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഏപ്രിൽ 21-ന് അധിക വാദങ്ങൾ ഉണ്ടെങ്കിൽ അവയും കോടതിക്ക് മുന്നിൽ ഹാജരാക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോവിഡ് സാഹചര്യം കാരണമാണ് നേരത്തെ ഈ കേസിൽ വാദം കേൾക്കൽ തടസ്സപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. പഴയ ഒൻപതംഗ ബെഞ്ചിൽ ഇപ്പോൾ സർവീസിലുള്ള ഏക ജഡ്ജി താൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരെ ഓർമ്മിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ നിലപാട്:

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ നൽകപ്പെട്ട പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. യുവതീപ്രവേശം അനുവദിച്ച മുൻ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾക്കൊപ്പമാണ് തങ്ങളെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. ആചാര സംരക്ഷണത്തിന് മുൻഗണന നൽകുന്ന നിലപാടാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ തീരുമാനം നിർണ്ണായകം:

കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമായതോടെ, ഇനി കേരളത്തിലെ എൽഡിഎഫ് സർക്കാർ എന്ത് നിലപാടാകും കോടതിയിൽ സ്വീകരിക്കുക എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. മുൻപ് വിധി നടപ്പിലാക്കണമെന്ന നിലപാടിലായിരുന്ന സംസ്ഥാന സർക്കാർ, പിന്നീട് വന്ന ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്ക് ശേഷം ആചാര സംരക്ഷണത്തിന് അനുകൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ സുപ്രീംകോടതിയിലെ വരാനിരിക്കുന്ന വാദങ്ങളിൽ സർക്കാരിന്റെ സത്യവാങ്മൂലം നിർണ്ണായകമാകും.

അഞ്ചംഗ ബെഞ്ച് ഈ കേസ് ഒൻപതംഗ ബെഞ്ചിന് വിട്ടത് ശരിയായ നടപടിയാണെന്ന് കോടതി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിലവിലുള്ള ഏഴ് ചോദ്യങ്ങൾക്ക് പുറമെ ഓരോ കേസിലെയും സാഹചര്യം അനുസരിച്ച് കൂടുതൽ ചോദ്യങ്ങൾ പരിഗണിക്കാൻ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വിശ്വാസവും ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ഈ തർക്കത്തിൽ പരമോന്നത നീതിപീഠത്തിന്റെ പുതിയ തീരുമാനം കേരളത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും സ്വാധീനിച്ചേക്കാം.

---------------

Hindusthan Samachar / Roshith K


Latest News