Enter your Email Address to subscribe to our newsletters

New delhi, 16 ഫെബ്രുവരി (H.S.)
മാറുന്ന സാങ്കേതിക വിദ്യയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ 'ഇന്ത്യ എഐ ഇംപാക്ട്' ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നു. ഉച്ചകോടി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദ്ഘാടനം ചെയ്യും. രണ്ട് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ എഐ ഇംപാക്ട് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
ഗ്ലോബല്‍ സൗത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ പ്രധാന ആഗോള എഐ ഒത്തുചേരല്‍ എന്ന നിലയില്‍ ഈ ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് രാജ്യാന്തര തലത്തില്‍ ലഭിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയില്‍ 500-ലേറെ സെഷനുകളിലായി 3,250-ഓളം സ്പീക്കര്‍മാര്‍ പങ്കെടുക്കും.
ഓസ്ട്രേലിയ, ജപ്പാന്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭാരത് മണ്ഡപത്തിലേക്കുള്ള പ്രവേശനം ഡിജിയാത്ര ആപ്പ് ഉപയോഗിച്ച് എളുപ്പമാക്കിയതായും സെഷനുകള്‍ 'ഇന്ത്യഎഐ' യൂട്യൂബ് ചാനല്‍ വഴി തത്സമയം കാണാമെന്നും അധികൃതര്‍ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പട്ടിക പ്രകാരം 20 രാഷ്ട്രത്തലവന്മാരാണ് വരും ദിവസങ്ങളില്‍ ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തുന്നത്. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്, ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസാനായകെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, യുഎഇ ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ ഈ പട്ടികയിലുണ്ട്. ഇതിനുപുറമെ 45-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികളും യുഎന്‍ സെക്രട്ടറി ജനറലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കുചേരും.
സാങ്കേതിക ലോകത്തെ പ്രമുഖരായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഓപ്പണ്‍എഐ സ്ഥാപകന്‍ സാം ഓള്‍ട്ട്മാന്‍, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമാകും. സാം ഓള്‍ട്ട്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ 18, 19 തീയതികളില്‍ നടക്കുന്ന സെഷനുകളില്‍ പങ്കെടുക്കും. ഫെബ്രുവരി 20-ന് നടക്കുന്ന ജിപിഎഐ കൗണ്‍സില്‍ യോഗത്തോടെ ഉച്ചകോടി സമാപിക്കും.
---------------
Hindusthan Samachar / Sreejith S