Enter your Email Address to subscribe to our newsletters

New delhi, 16 ഫെബ്രുവരി (H.S.)
ഹിമന്തശര്‍മയുടെ 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' വീഡിയോക്ക് എതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി. എന്തുകൊണ്ട് നിങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയിലേക്കു പോയില്ല? എന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
ഹൈക്കോടതിയുടെ അധികാരത്തെ കുറച്ചുകാണരുതെന്നു ചൂണ്ടിക്കാട്ടിയ കോടതി അസം മുഖ്യമന്ത്രിക്കെതിരായ ഹര്‍ജികള്‍ ഗുവാഹത്തി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാര്‍ട്ടികളോട്, സംയമനം പാലിക്കാനും ഭരണഘടനാ ധാര്‍മികതയുടെ അതിരുകള്‍ക്കുള്ളില്‍ തുടരാനും ആവശ്യപ്പെടും. പക്ഷേ, തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇതൊരു പ്രവണതയായി മാറുകയാണ്. എല്ലാ കാര്യങ്ങളും ഇവിടെ അവസാനിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നൊരു പ്രവണതയാണ്. പരിസ്ഥിതി, വാണിജ്യ വ്യവഹാരങ്ങളില്‍നിന്ന് ഹൈക്കോടതികളെ നമ്മള്‍ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കൈനും സുപ്രീം കോടതി നിര്‍ദേശിച്ചു.
സ്ഥിരമായി ഇതേ കുറ്റകൃത്യം തന്നെ ആവര്‍ത്തിക്കുന്നയാളാണ് അസം മുഖ്യമന്ത്രി ഹിമന്തയെന്നും അതുകൊണ്ട് കോടതിതന്നെ ഹര്‍ജി പരിഗണിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. ഹിമന്തയ്ക്ക് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ഫെബ്രുവരി 10ന് കോടതി സമ്മതിച്ചിരുന്നു.
'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. അസമിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് തൊപ്പി ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനു നേരെ ഹിമന്ത തോക്കു ചൂണ്ടുന്ന വിഡിയോയാണ് ബിജെപി അസം ഘടകം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്. ഗൊഗോയ്ക്കു സമീപം താടി വച്ച ഒരാളുടെ ചിത്രവുണ്ടായിരുന്നു. ഇവരുടെ ഫോട്ടോ പതിപ്പിച്ച ബോര്‍ഡില്‍ 'നോ മേഴ്‌സി' എന്നും എഴുതിയിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിന്റെ ക്യാപ്ഷനായി കൊടുത്തത് 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്നുമായിരുന്നു.
---------------
Hindusthan Samachar / Sreejith S