Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഫെബ്രുവരി (H.S.)
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അപമാനിച്ച് പുറത്താക്കിയതിന്റെ പേരില്‍ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് പ്രേകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ചാണ് കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നത്. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ നിലപാട് വ്യക്തമാക്കിയശേഷം തുടര്‍നടപടികളുണ്ടാകും.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രേംകുമാറുമായി ഇന്നലെ ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകള്‍ ഇരുവരും തേടിയതായാണു സൂചന.
സര്‍ക്കാരില്‍നിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃയോഗ ചര്‍ച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി പ്രേംകുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാര്‍, തന്റെ കുടുംബത്തിനു കോണ്‍ഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാര്‍ഥിയായിരിക്കെ കോളജില്‍ കെഎസ്യു സ്ഥാനാര്‍ഥിയായി മത്സരിച്ചതും ഓര്‍മിപ്പിച്ചു. 'ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ അതിനൊപ്പം നില്‍ക്കുന്നുവെന്നു മാത്രം' - അദ്ദേഹം പറഞ്ഞു.
പ്രേംകുമാറിനെ ഒപ്പം നിര്‍ത്തുന്നത് തിരുവനന്തപുരത്തെ നാടര്‍ വോട്ടുകളെ സ്വാധീനിക്കും എന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. ഇതിലെ അപകടം മുന്‍കൂട്ടി കണ്ടാണ് സിപിഎം പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയത്. കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രംകുമാറിന്റെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി നിരാശയോടെ മടങ്ങുക ആയിരുന്നു.
---------------
Hindusthan Samachar / Sreejith S