Enter your Email Address to subscribe to our newsletters

Trivandrum , 16 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും കർശന നിർദ്ദേശങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് പിന്നീട് മറ്റ് പദവികളൊന്നും നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന കെപിസിസി നേതൃയോഗത്തിലാണ് പാർട്ടി നേതാക്കൾക്ക് വേണുഗോപാൽ ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പാർട്ടി അധികാരത്തിൽ വരുമ്പോൾ ബോർഡ്-കോർപറേഷൻ പദവികളോ മറ്റ് രാഷ്ട്രീയ നിയമനങ്ങളോ ലഭിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ താത്പര്യപ്പെട്ട് രംഗത്തെത്തുന്നവർ ജയസാധ്യത മാത്രം മുൻനിർത്തി വേണം മുന്നോട്ട് വരാൻ. തിരഞ്ഞെടുപ്പിന് ശേഷം അധികാരം ലഭിച്ചാൽ തോറ്റവർക്ക് പദവികൾ വീതം വെക്കുന്ന രീതി ഇനി ഉണ്ടാവില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
മാറിനിൽക്കുന്നവർക്ക് അർഹമായ പരിഗണന
അതേസമയം, ജയസാധ്യതയുള്ളവർക്കായി വഴിമാറുന്നവർക്കും പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നവർക്കും അർഹമായ പരിഗണന നൽകുമെന്നും കെ.സി. വേണുഗോപാൽ ഉറപ്പ് നൽകി. അർഹതയുണ്ടായിട്ടും പാർട്ടി താത്പര്യം മുൻനിർത്തി തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് മാറിനിൽക്കുന്നവരെ തത്തുല്യമായ പദവികളിലേക്ക് പരിഗണിക്കും. ബോർഡ്, കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ നൽകുന്ന കാര്യത്തിൽ ഇത്തരക്കാർക്കായിരിക്കും മുൻഗണന. സ്ഥാനാർഥി നിർണ്ണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങളേക്കാൾ 'മെറിറ്റ്' (യോഗ്യത) മാനദണ്ഡമാകണമെന്ന പൊതുവികാരമാണ് നേതൃയോഗത്തിൽ ഉയർന്നത്.
സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കും
എഐസിസി പ്രതിനിധി സച്ചിൻ പൈലറ്റ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ സ്ഥാനാർഥി നിർണ്ണയ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ തീരുമാനമായിട്ടുണ്ട്. കേരളത്തിൽ നിലവിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അതിന്റെ സൂചനയാണെന്നും യോഗം വിലയിരുത്തി. സെമിഫൈനലിൽ കോൺഗ്രസ് ജയിച്ചു കഴിഞ്ഞു, ഇനി ഫൈനലിലും കപ്പടിക്കണം എന്നാണ് യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്.
പുതുമുഖങ്ങളുടെ വരവും അപ്രതീക്ഷിത സ്ഥാനാർഥികളും
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച ചലച്ചിത്ര താരം പ്രേംകുമാർ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിലെ പുതിയ ചർച്ചാ വിഷയം. കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പ്രേംകുമാറിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തെ പോലുള്ളവരെ പാർട്ടി ചേർത്തുപിടിക്കുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കൂടാതെ, വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന തീരുമാനവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യിൽ സുരേഷ് പങ്കെടുക്കും.
പാർട്ടിക്ക് കരുത്ത് പകരാൻ പുതുമുഖങ്ങളെയും മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പ്രമുഖരെയും അണിനിരത്തുന്നതിനൊപ്പം തന്നെ, നിലവിലുള്ള നേതാക്കൾക്ക് കൃത്യമായ ഉത്തരവാദിത്തബോധം നൽകുകയാണ് കെ.സി. വേണുഗോപാലിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് വൈരങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് ക്യാമ്പ്.
---------------
Hindusthan Samachar / Roshith K