ഇനി ബസ് ആക്രമിച്ചാല്‍ വിടില്ല; നിയമ നടപടികള്‍ കടുപ്പിക്കുമെന്ന് കെഎസ്ആര്‍ടിസിയുടെ മുന്നറിയിപ്പ്
Thiruvanathapuram, 16 ഫെബ്രുവരി (H.S.) കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ നിയമ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി കെഎസ്ആര്‍ടിസി. ഇത്തരം ആക്രമണക്കേസുകളില്‍ ഒത്തുതീര്‍പ്പു വേണ്ടെന്ന കര്‍ശന നിലപാടിലേക്ക് കെ.എസ്.ആര്‍.ടി.
KSRTC bus


Thiruvanathapuram, 16 ഫെബ്രുവരി (H.S.)

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ നിയമ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി കെഎസ്ആര്‍ടിസി. ഇത്തരം ആക്രമണക്കേസുകളില്‍ ഒത്തുതീര്‍പ്പു വേണ്ടെന്ന കര്‍ശന നിലപാടിലേക്ക് കെ.എസ്.ആര്‍.ടി.സി എത്തി. സര്‍വീസിനിടെ ബസ് ആക്രമിക്കല്‍, കേടുവരുത്തല്‍, ജീവനക്കാരെ കൈയേറ്റം ചെയ്യല്‍, മര്‍ദിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുണ്ടായാല്‍ ശക്തമായ നിയമപ്പോരാട്ടം മാത്രമാകും ഇനി കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുക.

നേരത്തെ നഷ്ടപരിഹാരം സ്വീകരിച്ച് ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍, ഇനിയതു വേണ്ടെന്ന കര്‍ശന തീരുമാനത്തിലാണ്. ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയതിനാല്‍ അതിക്രമം വര്‍ധിച്ചുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഈ നിലപാട്. മന്ത്രി കെബി ഗണേഷ് കുമാറും ഈ തീരുമാനം അംഗീകരിച്ചതോടെയാണ് തീരുമാനമായത്.

ആക്രമണം നടന്നാല്‍ പലപ്പോഴും സര്‍വീസ് റദ്ദാക്കേണ്ടിവരും. ഇത് വരുമാനനഷ്ടവും മറ്റു പ്രതിസന്ധികളുമുണ്ടാക്കും. അതിനാല്‍ കുറ്റം ചെയ്യുന്നവര്‍ ഇനി കൃത്യമായ നിയമനടപടി നേരിടേണ്ടിവരും. പൊതുമുതല്‍ നശിപ്പിച്ചാലുള്ള പി.ഡി.പി.പി. ആക്ടും ജീവനക്കാരെ ആക്രമിക്കുന്നതിന് ബി.എന്‍.എസിലെ പ്രധാന വകുപ്പുകളും ചുമത്തിയാകും പോലീസ് കേസെടുക്കുക. പലതും ജാമ്യമില്ലാ വകുപ്പുകളാണ്. ഒത്തുതീര്‍പ്പുസാധ്യതയും ഉണ്ടാകില്ല. അക്രമികള്‍ക്ക് അഞ്ചുവര്‍ഷംവരെ തടവും കനത്തപിഴയും ശിക്ഷ കിട്ടുകയും ചെയ്യും.

2022-നു ശേഷമാണ് ഒത്തുതീര്‍പ്പു നടപടിയില്‍നിന്നു മാറി കോര്‍പ്പറേഷന്‍ നിയമനടപടി ശക്തമാക്കിത്തുടങ്ങിയത്. കഴിഞ്ഞദിവസം മാവേലിക്കരയിലും മറ്റും ജീവനക്കാര്‍ക്കെതിരേ നടന്ന അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു കെ.എസ്.ആര്‍.ടി.സി. സ്വീകരിച്ചത്.

സര്‍വീസിനിടെ അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉടന്‍ പോലീസില്‍ അറിയിച്ചു കേസെടുപ്പിക്കണമെന്നാണ് യൂണിറ്റ് അധികാരികള്‍ക്കു മാനേജ്മെന്റ് കൊടുത്തിരിക്കുന്ന നിര്‍ദേശം. നിലപാടു കടുപ്പിച്ചതോടെ അക്രമസംഭവങ്ങള്‍ കുറഞ്ഞുവെന്ന് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍.

---------------

Hindusthan Samachar / Sreejith S


Latest News