കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാൾ കോൺഗ്രസ് നേതാക്കൾ പരസ്പരം വെറുക്കുന്നു; രൂക്ഷവിമർശനവുമായി മണിശങ്കർ അയ്യർ
Trivandrum, 16 ഫെബ്രുവരി (H.S.) തിരുവനന്തപുരം: സ്വന്തം പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെയും നേതാക്കൾക്കിടയിലെ ഭിന്നതയെയും കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ വീണ്ടും രംഗത്ത്. കോൺഗ്രസ് നേതാക്കൾ കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതി
കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാൾ കോൺഗ്രസ് നേതാക്കൾ പരസ്പരം വെറുക്കുന്നു; രൂക്ഷവിമർശനവുമായി മണിശങ്കർ അയ്യർ


Trivandrum, 16 ഫെബ്രുവരി (H.S.)

തിരുവനന്തപുരം: സ്വന്തം പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെയും നേതാക്കൾക്കിടയിലെ ഭിന്നതയെയും കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ വീണ്ടും രംഗത്ത്. കോൺഗ്രസ് നേതാക്കൾ കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാൾ കൂടുതൽ പരസ്പരം വെറുക്കുന്നുവെന്നും, ഈ ഐക്യമില്ലായ്മ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന തന്റെ മുൻപത്തെ പ്രസ്താവനയിൽ അദ്ദേഹം ഉറച്ചുനിന്നു. വിഷൻ 2031; വികസനവും ജനാധിപത്യവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ നടത്തിയത്.

നേതാക്കൾക്കിടയിലെ ഭിന്നത തിരിച്ചടിയാകും

എനിക്ക് കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ നേതാക്കൾക്കിടയിലെ രൂക്ഷമായ ഭിന്നത കാരണം അതിനുള്ള സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കോൺഗ്രസ് നേതാക്കൾ കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാൾ എത്രയോ അധികമായി സ്വന്തം പാർട്ടിക്കാരെയും സഹപ്രവർത്തകരെയും വെറുക്കുന്നു. ഇത്തരമൊരു അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പിൽ ജയിക്കുക അസാധ്യമാണ്, മണിശങ്കർ അയ്യർ തുറന്നടിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടികളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇടതുപക്ഷ പാർട്ടികൾ അച്ചടക്കമുള്ളവരും ഐക്യമുള്ളവരുമാണ്. ആ ഐക്യമാണ് അവരെ തുടർച്ചയായി രണ്ട് തവണ ഭരണത്തിലേറ്റിയത്. കോൺഗ്രസിൽ ഈ ഗുണങ്ങൾ കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ നേതൃത്വത്തിനും വിമർശനം

മണിശങ്കർ അയ്യരുടെ പ്രസ്താവനകളെ തള്ളിപ്പറഞ്ഞ എഐസിസി വക്താവ് പവൻ ഖേരയ്ക്കെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. പവൻ ഖേര ഒരു 'പാവ' (Puppet) മാത്രമാണെന്നും അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ കോൺഗ്രസ് നിലവിലുള്ള ദയനീയാവസ്ഥയിൽ തന്നെ തുടരുമെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശശി തരൂരിനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, തരൂരിന് അടുത്ത വിദേശകാര്യ മന്ത്രിയാകാനാണ് ആഗ്രഹമെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസ് പ്രതിരോധത്തിൽ

മണിശങ്കർ അയ്യരുടെ പ്രസ്താവനകൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും യുഡിഎഫിനെയും വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അയ്യരുടെ വാക്കുകൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നതെന്നുമാണ് ഔദ്യോഗിക നിലപാട്. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പരസ്യമായി ചർച്ചയാകുന്നത് അണികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശന വിഷയം ഉൾപ്പെടെയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്ന വേളയിൽ, മുതിർന്ന നേതാവിൽ നിന്നുതന്നെയുണ്ടായ ഈ വിമർശനം ഇടതുമുന്നണി രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പാണ്. പിണറായി വിജയൻ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്വന്തം പാർട്ടിക്കാരനായ നേതാവ് പ്രവചിച്ചത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ കെപിസിസി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മണിശങ്കർ അയ്യർ സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങിക്കണമെന്നായിരുന്നു കെപിസിസി നേതാക്കളുടെ പരിഹാസം._

---------------

Hindusthan Samachar / Roshith K


Latest News