Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ഫെബ്രുവരി (H.S.)
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന രോഗികള്‍ ദുരിതത്തില്‍. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കമായതാണ് രോഗികളെ ദുരിതത്തിലാക്കിയത്. 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും. ഇതോടെ പൂര്‍ണമായി ചികിത്സ സ്തംഭിക്കുന്ന അവസ്ഥയിലാകും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ആരോപിക്കുന്നത്. .
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സുഗമമാക്കുക, മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഡി.എ. കുടിശ്ശിക നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
2025 ജൂലൈ 1 മുതല്‍ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്. ഇതിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവരുമായ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് ഭാഗികമായി എങ്കിലും പരിഹരിച്ചു എന്നത് മാത്രമാണ് നടപ്പാക്കിയത്. ബഹുഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും ബാധകമായിട്ടുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കുന്ന കാര്യത്തില്‍ ഒരു നടപടിയും തുടങ്ങിയിട്ടില്ല. നിപ്പയുടെയും കോവിഡിന്റെയും കാലഘട്ടത്തില്‍ പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അധ്വാനിച്ച കാലയളവില്‍ ഉള്‍പ്പെടെയുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് അതുമൂലം പേരും പെരുമയും നേടിയെടുത്ത സര്‍ക്കാര്‍ നല്‍കാതെ വഞ്ചിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ കാലയളവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്കെ ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കാന്‍ തീരുമാനിച്ചിട്ടും, അന്ന് അക്ഷീണം ജോലി ചെയ്ത മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കുടിശ്ശിക ഭാഗികമായി പോലും നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും കെജിഎംസിടിഎ ആരോപിക്കുന്നു.
ഇന്ന് അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും നടക്കുകയാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇന്ന് ധര്‍ണ്ണയുടെ നടത്തും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 19 നു സെക്രട്ടേറിയേറ്റിനു മുന്നില്‍ രാവിലെ 10 മണി മുതല്‍ ധര്‍ണ്ണ നടത്തും. അന്നു മുതല്‍ ഒ.പി ബഹിഷ്‌കരണം അധ്യാപന ബഹിഷ്‌കരണം എന്നിവയോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S