ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; രാഷ്ട്രീയ കേരളത്തിന് നിര്‍ണായകം
New delhi, 16 ഫെബ്രുവരി (H.S.) ശബരിമലയില്‍ സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശബരിമല ഉള്‍പ്പെടെ സ്ത്രീക
Supreme Court


New delhi, 16 ഫെബ്രുവരി (H.S.)

ശബരിമലയില്‍ സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ ബെഞ്ച് രൂപവത്കരിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കുവേണ്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വിഷയം പരിഗണിക്കുന്നത്.

ശബരിമലയ്ക്കുപുറമേ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്‌സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയിലെ പൊതു നിയമപ്രശ്‌നങ്ങളാണ് ഒന്‍പതംഗ ബെഞ്ചിന് പരിഗണിക്കാനുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ദാവൂദി ബോറ കമ്യൂണിറ്റി ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളും തിങ്കളാഴ്ച ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സുപ്രീം കോടതി നടപടി എന്തു തന്നെ ആയാലും കേരളത്തില്‍ അത് വലിയ രാഷ്ട്രീയ പ്രചരണ വിഷയമായി മാറും എന്ന് ഉറപ്പാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാം എന്ന സുപ്രീം കോടതി വിധിയെ ഒന്നാം പിണറായി സര്‍ക്കാരും സിപിഎമ്മും സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഇതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി. പ്രതിപക്ഷവും ബിജെപിയും വിഷയം ഏറ്റെടുത്തു. നവോത്ഥാനമ പറഞ്ഞ് മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതോടെ സിപിഎം പിന്‍വാങ്ങി. വീട് കയറി നിലപാച് തെറ്റായി പോയി എന്ന് പറയുകയും ചെയ്തു.

ഇപ്പോള്‍ സ്ത്രീപ്രവേശനം വേണ്ട എന്ന നിലപാടിലേക്ക് പിണറായി സര്‍ക്കാര്‍ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസും ബിജെപിയും സിപിഎം നിലപാട് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ നിലപാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞുകൊള്ളും. അത് താനല്ല പറയേണ്ടത്. അന്ന് ഞങ്ങളെടുത്തത് കോടതി പറഞ്ഞ നിലപാടാണ്. ഇന്ന് വീണ്ടും കോടതി, കയറ്റണമെന്നു പറഞ്ഞാല്‍ കയറ്റണം. കയറ്റേണ്ടെന്നു പറഞ്ഞാല്‍ വേണ്ടാ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. അതിവേഗത്തില്‍ നിലപാട് പറയേണ്ട ആവശ്യമില്ല എന്ന നിലപാടിലാണ് സര്‍ക്കാരും. കോടതി നടപടികള്‍ പരോഗമിക്കുമ്പോള്‍ സാഹചര്യം നോക്കി നിലപാട് എന്നാണ് സര്‍ക്കാര്‍ തീരുമാനം.

---------------

Hindusthan Samachar / Sreejith S


Latest News