Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഫെബ്രുവരി (H.S.)
ഇന്ത്യൻ കരസേനയിലേക്കുള്ള 2027-ലെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് മുഖേന ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ ഉദ്യോഗാർഥികളെയാണ് ഇതിലൂടെ തെരഞ്ഞെടുക്കുന്നത്. യോഗ്യരായ അവിവാഹിതരായ പുരുഷന്മാർക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്‌നിക്കൽ, അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്മാൻ എന്നീ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തത്പരരായ ഉദ്യോഗാർഥികൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യതാ നില പരിശോധിച്ച് പ്രൊഫൈൽ തയാറാക്കണം. 2026 ഏപ്രിൽ 01 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം. 2026 ജൂൺ 01 മുതൽ 15 വരെയായിരിക്കും ഓൺലൈൻ പരീക്ഷ നടക്കുക.
തെരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളിലായാണ് അഗ്‌നിവീർ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത്. ആദ്യഘട്ടത്തിൽ ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും (CEE), ഇതിൽ വിജയിക്കുന്നവർക്കായി രണ്ടാം ഘട്ടത്തിൽ റിക്രൂട്ട്‌മെൻ്റ് റാലിയും നടക്കും. റാലിയിൽ ശാരീരികക്ഷമതാ പരിശോധനയും മെഡിക്കൽ ടെസ്റ്റും ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പ് പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഇടനിലക്കാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും ഇന്ത്യൻ ആർമി അറിയിച്ചിട്ടുണ്ട്.
ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കാം
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് രണ്ട് വിഭാഗങ്ങളിലേക്ക് ഒരേസമയം അപേക്ഷിക്കാം എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കുമ്പോൾ രണ്ട് വിഭാഗങ്ങളുടെയും ഫോമുകൾ വെവ്വേറെ പൂരിപ്പിക്കണം. ഇവർ രണ്ട് പൊതു പ്രവേശന പരീക്ഷകൾ എഴുതേണ്ടി വരും. എന്നാൽ, ഇവർക്ക് ഉയർന്ന ശാരീരികക്ഷമതാ പരീക്ഷയും ശാരീരിക അളവും വേണ്ടി വരുന്ന വിഭാഗവുമായി ബന്ധപ്പെട്ട് ഒരു തവണ റിക്രൂട്ട്‌മെൻ്റ് റാലിയിലും മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതിയാകും. അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തേണ്ടതുണ്ട്. റിക്രൂട്ട്‌മെൻ്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ ചോദിക്കുന്നതാണ്.
ഫലം കാത്തിരിക്കുന്നവർക്കും അവസരം
പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. മറ്റ് യോഗ്യതകളെല്ലാം ഇവർ പൂർത്തീകരിച്ചിരിക്കണം. എന്നാൽ, റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ അസ്സൽ മാർക്ക് ഷീറ്റ് ഹാജരാക്കുമ്പോൾ മാത്രമേ ഇവരെ തെരഞ്ഞെടുക്കുകയുള്ളൂ.
അഗ്‌നിപഥ് പദ്ധതി: സേവന വ്യവസ്ഥകൾ
കേന്ദ്രസർക്കാർ 2022-ൽ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി വഴി സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരാണ് അഗ്‌നിവീറുകൾ. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ആറു മാസത്തെ പരിശീലന കാലയളവ് ഉൾപ്പെടെ നാല് വർഷത്തേക്കാണ് സൈനിക സേവനം. ഈ കാലയളവിൽ 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് ശമ്പള സ്‌കെയിൽ ലഭിക്കുക. ഇതിന് പുറമെ മറ്റ് അലവൻസുകൾ, മെഡിക്കൽ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയ്ക്കും അർഹതയുണ്ടായിരിക്കും. സേവനകാലത്തിനിടയിൽ പരിക്ക് പറ്റി ജീവൻ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കായി പ്രത്യേക വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.
നാല് വർഷത്തെ സേവനത്തിന് ശേഷം 25 ശതമാനം അഗ്‌നിവീറുകളെ നിലനിർത്തുകയും ഇവരെ റെഗുലർ കേഡറുകളായി പരിഗണിക്കുകയും ചെയ്യും. ഇവർക്ക് നോൺ ഓഫിസർ റാങ്കിൽ 15 വർഷത്തെ സേവനത്തിന് അവസരം ലഭിക്കും. ബാക്കിയുള്ളവർക്ക് 11 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയുള്ള പാക്കേജ് (സേവാ നിധി) നൽകി സൈനിക സേവനത്തിൽ നിന്നും വിടുതൽ നൽകും. ഇവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കില്ല.
എഴുത്തുപരീക്ഷയുടെ സിലബസ്
ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള എഴുത്തുപരീക്ഷയിൽ ജനറൽ നോളജ് (15 ചോദ്യം), ജനറൽ സയൻസ് (20), മാത്‍സ് (15) എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. ആകെ 100 മാർക്കിൽ 32 മാർക്ക് ലഭിച്ചാൽ ഫിസിക്കൽ ടെസ്റ്റിനായി തെരഞ്ഞെടുക്കപ്പെടും. ഇന്ത്യൻ ചരിത്രം, ഭൂമിശാസ്ത്രം, കായികം, ഇന്ത്യൻ സൈന്യം തുടങ്ങിയ വിഷയങ്ങളിൽ നിന്നാകും ജനറൽ നോളജ് ചോദ്യങ്ങൾ. സയൻസ് വിഭാഗത്തിൽ മനുഷ്യശരീരം, മെഡിക്കൽ സയൻസ്, ന്യൂമെറിക്കൽ എബിലിറ്റി എന്നിവയും മാത്‍സ് സിലബസിൽ ആൾജിബ്ര, ജ്യോമെട്രി തുടങ്ങിയവയും ഉൾപ്പെടുന്നു.
ടെക്‌നിക്കൽ സ്റ്റാഫ് എഴുത്തുപരീക്ഷയ്ക്ക് ജനറൽ നോളജ്, കെമിസ്ട്രി എന്നിവയിൽനിന്ന് 10 ചോദ്യങ്ങൾ വീതവും മാത്‍സ്, ഫിസിക്‌സ് എന്നിവയിൽനിന്ന് 15 ചോദ്യങ്ങൾ വീതവുമാണുള്ളത്. ജനറൽ ഡ്യൂട്ടി വിഭാഗത്തേക്കാൾ കടുപ്പമേറിയ ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തിൽ. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതിത്തീർക്കേണ്ടതിനാൽ മോക് എക്സാം ഉൾപ്പെടെ ചെയ്ത് പരിശീലിക്കുന്നത് ഉദ്യോഗാർഥികൾക്ക് ഗുണകരമാകും.
കായികക്ഷമതാ പരിശോധന
എഴുത്തുപരീക്ഷ വിജയിക്കുന്നവർ ശാരീരികക്ഷമതാ പരിശോധനയിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾക്ക് 166 സെൻ്റീമീറ്റർ ഉയരവും 77 സെൻ്റീമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ചളവ് 5 സെൻ്റീമീറ്റർ വികസിപ്പിക്കാനും സാധിക്കണം. ശാരീരിക അളവുകളിൽ ഒരു സെൻ്റീമീറ്ററോ ഫിസിക്കൽ ടെസ്റ്റിൽ ഒരു സെക്കൻഡോ വ്യത്യാസം വന്നാൽ അപ്പോൾ തന്നെ പുറത്താകും.
1.6 കിലോമീറ്റർ ഓട്ടം, പുൾ അപ്, ഡിച് ജംപ്, സിഗ്‌സാഗ് ബാലൻസ് എന്നിവയാണ് കായികക്ഷമതാ പരിശോധനയിലെ ഇനങ്ങൾ. 1.6 കിലോമീറ്റർ ദൂരം 5.45 മിനിറ്റിൽ ഓടിത്തീർക്കണം. ഇതിന് 60 മാർക്ക് ലഭിക്കും. 10 പുൾ അപ്പുകൾക്ക് 40 മാർക്കാണ് ലഭിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്കും കൂടുതൽ പുൾ അപ് എടുക്കുന്നവർക്കും കൂടുതൽ മാർക്ക് ലഭിക്കും. 9 അടി നീളമുള്ള കുഴി ചാടിക്കടക്കുന്നതാണ് ഡിച് ജംപ്. ക്രോസ് ബാറിനു മുകളിലൂടെ നടന്നുനീങ്ങുന്ന സിഗ്‌സാഗ് ബാലൻസിങ്ങും ഉദ്യോഗാർഥികൾ വിജയിക്കേണ്ടതുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR