തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിന് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി.
Thiruvananthapuram, 17 ഫെബ്രുവരി (H.S.) തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിന് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട
Antony Raju


Thiruvananthapuram, 17 ഫെബ്രുവരി (H.S.)

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിന് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഉപഹർജി കോടതി തള്ളി. ഇതോടെ അദ്ദേഹം നിലവിൽ നേരിടുന്ന അയോഗ്യത തുടരും.

ശിക്ഷാ നടപടികൾ താൽക്കാലികമായി മരവിപ്പിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല എന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ലഹരിക്കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കൃത്രിമം കാട്ടിയെന്നാണ് കേസ്. ഈ കേസിൽ രണ്ടാം പ്രതിയായ ആന്‍റണി രാജുവിനും ഒന്നാം പ്രതിയായ മുൻ കോടതി ജീവനക്കാരൻ കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അപ്പീൽ നൽകിയത്. എന്നാൽ കീഴ്ക്കോടതി വിധിയിലെ കുറ്റക്കാരനാണെന്ന കണ്ടെത്തൽ കോടതി തടഞ്ഞില്ല. ഇതേത്തുടർന്നുള്ള വാദങ്ങൾ ഫെബ്രുവരി 6-ന് കോടതി വീണ്ടും പരിഗണിക്കും.

രണ്ട് വർഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരമാണ് ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ മാത്രമേ അയോഗ്യത നീങ്ങുകയുള്ളൂ. ഇപ്പോഴത്തെ കോടതി വിധിയിലൂടെ അയോഗ്യത തുടരുന്നതിനാൽ അദ്ദേഹത്തിന് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാനോ ഔദ്യോഗിക പദവികൾ വഹിക്കാനോ സാധിക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ചുരുങ്ങിയ കാലം മാത്രം ബാക്കിനിൽക്കെ, കോടതിയുടെ ഈ നിലപാട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന് കനത്ത ആഘാതമാണ്.

അപ്പീൽ കോടതി തള്ളിയ സാഹചര്യത്തിൽ ഇനി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് ആന്‍റണി രാജുവിന് മുന്നിലുള്ള ഏക വഴി.

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. തൊണ്ടിമുതലിൽ തിരിമറി നടത്തി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന ഗൗരവകരമായ കുറ്റമാണ് ഇരുവരും നേരിടുന്നത്. നിലവിൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യത്തിലാണ് പ്രതികൾ കഴിയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News