അയ്യപ്പ സംഗമ കണക്കിൽ കുറ്റസമ്മതവുമായി കെ ജയകുമാർ
Thiruvananthapuram, 17 ഫെബ്രുവരി (H.S.) ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകൾ സംബന്ധിച്ച വിവാദങ്ങളിൽ കുറ്റസമ്മതവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾക്ക് കാരണം ബോർഡിനുണ്ടായ വീഴ്ചയാണെന്നും ഇത
K Jayakumar


Thiruvananthapuram, 17 ഫെബ്രുവരി (H.S.)

ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകൾ സംബന്ധിച്ച വിവാദങ്ങളിൽ കുറ്റസമ്മതവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾക്ക് കാരണം ബോർഡിനുണ്ടായ വീഴ്ചയാണെന്നും ഇത് പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ദേവസ്വം കമ്മിഷണർ, അക്കൗണ്ട്‌സ് ഓഫിസർ, ചീഫ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ടാസ്‌ക് ഫോഴ്‌സാണ് കണക്കുകൾ പരിശോധിച്ച് പിഴവുകൾ തിരുത്തുക. സമർപ്പിച്ച കണക്കുകളിൽ ഓഡിറ്ററുടെ ചോദ്യങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതാണ് പിഴവുകൾക്കു കാരണമായത്. ഓഡിറ്ററുമായുള്ള ആശയവിനിമയത്തിൽ വീഴ്ച സംഭവിച്ചുവെന്നും കെ ജയകുമാർ അറിയിച്ചു. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും നിരവധി തിരുത്തലുകൾ അതിൽ വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓഡിറ്റ് റിപ്പോർട്ട് ബോർഡിന് ലഭിച്ചെങ്കിലും കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനാൽ വളരെ വേഗം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനൊപ്പമുള്ള സത്യവാങ്മൂലം നൽകിയിട്ടില്ല. ഈ മാസം 27ന് കോടതി വിഷയം വീണ്ടും പരിഗണിക്കുമ്പോൾ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിചിത്രവാദവും ചെലവുംഅയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പ് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനുമായി (ഐഐഐസി) എട്ടു കോടി രൂപയുടെ ധാരണാപത്രമാണ് ഒപ്പിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ബോർഡ് തന്നെ തുക 4.99 കോടിയിൽ നിജപ്പെടുത്താൻ തീരുമാനിച്ചു. ഐഐഐസിയുമായുള്ള ധാരണാപത്രം പുതുക്കിയുമില്ല. ഫലത്തിൽ ദേവസ്വം ബോർഡിൻ്റെ തീരുമാനം ഏകപക്ഷീയമായി തുടരുകയാണ്. അതുകൊണ്ട് തന്നെ 4.99 കോടിയിൽ ചെലവ് നിജപ്പെടുത്തുമെന്ന വിചിത്രവാദവും കെ ജയകുമാർ ഉന്നയിച്ചു.

ഐഐഐസി ഇത് അംഗീകരിച്ചോ എന്ന ചോദ്യത്തിന്, അതല്ലാതെ അവർക്കു വേറെ മാർഗമില്ലെന്നും ഐഐഐസി കോടതിയെ സമീപിക്കുമെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അയ്യപ്പസംഗമത്തിൻ്റെ ചെലവുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബോർഡുമായി ഒരു ഒത്തുതീർപ്പിലേക്ക് ഐഐഐസി ഒരുങ്ങുന്നുവെന്ന് ഇതിൽ നിന്നും അനുമാനിക്കേണ്ടി വരും. നിലവിൽ ഐഐഐസി 7.04 കോടിയുടെ ബില്ലാണ് നൽകിയിരിക്കുന്നത്.

നടപടിക്രമങ്ങളിലെ പിഴവ്ഓഡിറ്റിൽ പ്രശ്നങ്ങൾ ബോർഡിനെ അറിയിക്കുകയും ബോർഡ് അതിനു മറുപടി നൽകുകയുമാണ് സാധാരണ നടപടിക്രമം. എന്നാൽ ഈ നടപടിക്രമം ഇത്തവണ ഉണ്ടായില്ല. അത് ഓഡിറ്ററുടെ പ്രശ്നമല്ല. മറിച്ച് ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവാണ്. ഓഡിറ്റർ ചോദിച്ച ചോദ്യങ്ങൾക്ക് സമയബന്ധിതമായി ബോർഡിൽനിന്നു മറുപടി കൊടുക്കുകയോ ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടത്താതിരിക്കുകയും ചെയ്തതുകൊണ്ടാണ് പ്രതികൂലമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ കടന്നുകൂടിയത്. നടപടിക്രമങ്ങൾ പാലിച്ച് അത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനാണ് തീരുമാനം.

നിലവിൽ രൂപീകരിച്ചിട്ടുള്ള ടാസ്‌ക് ഫോഴ്‌സ് പത്തു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇവർ ഓഡിറ്ററുമായും കരാർ കമ്പനിയുമായും ചർച്ച ചെയ്ത് പിഴവുകൾ തിരുത്താനുള്ള നടപടി സ്വീകരിക്കും. എല്ലാ പ്രവൃത്തികളുടെയും ബില്ലുകൾ സംബന്ധിച്ച് കൃത്യത വരുത്തും. 4000 പേർ ഭക്ഷണം കഴിച്ചുവെന്നതുൾപ്പെടെയുള്ള വിഷയങ്ങളുടെ നിജസ്ഥിതി പരിശോധിക്കും. അവർ സമർപ്പിക്കുന്ന കണക്കുകൾ 26ന് കോടതിയിൽ നൽകും. പിഴവ് തിരുത്തൽ അടിയന്തരമായി നടത്താനാണ് ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.

പരിപാടി അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ടിലുണ്ട്. അത് വസ്തുതാപരമായി വന്ന പിഴവാണ്. ഓഡിറ്റർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പിഴവുകൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകൾബോർഡ് അഡ്വാൻസായി നൽകിയ മൂന്നു കോടി തിരിച്ച് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. 3.85 കോടി രൂപയാണ് സ്പോൺസർഷിപ്പിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ സ്പോൺസർഷിപ്പ് പ്രതീക്ഷിച്ച പലയിടത്തുനിന്നും ലഭിച്ചില്ല. അദാനി നൽകാം എന്ന് പറഞ്ഞ ഒരു കോടി രൂപ വാങ്ങും. എങ്കിലും ഒരു കോടി രൂപയുടെ എങ്കിലും കുറവ് വരും.

കരാർ നടപടികൾഐഐഐസിക്കു ടെൻഡർ ഇല്ലാതെയാണ് കരാർ നൽകിയതെന്നും അവർ ഉപകരാർ നൽകിയത് ടെൻഡർ നൽകിയാണോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടികൾ നടത്തി ഐഐഐസിക്കു പരിചയമുള്ളതുകൊണ്ടാണ് അവർക്കു കരാർ നൽകിയതെന്നാണ് കെ ജയകുമാർ അറിയിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News