Enter your Email Address to subscribe to our newsletters

Kasaragod, 17 ഫെബ്രുവരി (H.S.)
പിണറായി വിജയൻ സർക്കാരിനെ പുകഴ്ത്തി സംസാരിച്ച മുതിർന്ന നേതാവ് മണിശങ്കർ അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. മണിശങ്കർ അയ്യർ കോൺഗ്രസിനോട് കൂറില്ലാത്തയാളാണെന്നും നിർണ്ണായക ഘട്ടങ്ങളിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന 'കട്ടപ്പ'യാണെന്നും ജനീഷ് ആരോപിച്ചു.
കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ക്ഷണം സ്വീകരിച്ച് മണിശങ്കര്‍ അയ്യര്‍ വരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്നാല്‍ അദ്ദേഹം വന്നുവെന്നു മാത്രമല്ല പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയാണ്. ഈ സര്‍ക്കാരിൻ്റെ കാലഘട്ടത്തിലാണ് കൃപേഷും ശരത്ലാലും പോലുള്ള ചെറുപ്പക്കാര്‍ക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. ഈ സര്‍ക്കാരാണ് നികുതി പണം ഉപയോഗിച്ചുകൊണ്ട് ആ കേസില്‍നിന്ന് സിബിഐഅന്വേഷണത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക സമീപനങ്ങളെയോ വിഷയങ്ങളെയോ മനസിലാക്കാതെയാണ് മണിശങ്കര്‍ അയ്യരെ പോലുള്ള ആളുകള്‍ ഇവിടെവന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളിലും നിര്‍ണായകമായ തെരഞ്ഞെടുപ്പിൻ്റെ ഘട്ടങ്ങളില്‍ മണി ശങ്കര്‍ അയ്യറില്‍ നിന്ന് സമാനമായ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളില്‍ പുറകില്‍നിന്നു കുത്തുന്ന കട്ടപ്പ ആയിട്ടാണ് പലപ്പോഴും മണി ശങ്കര്‍ അയ്യറുടെ പ്രസ്താവനകള്‍ വന്നു പതിച്ചിട്ടുള്ളത്. അത് ഗുജറാത്ത് തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലായാലും 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ കാലഘട്ടത്തിലായാലും സമാനമായ രീതി തന്നെയാണ്. ഇദ്ദേഹത്തിൻ്റെ പ്രസ്താവനകളാണ് പലപ്പോഴും ബിജെപിക്ക് ഗുണകരമായി മാറിയിട്ടുള്ളത്. ഇന്ന് കേരളത്തിനകത്തുവന്ന് സിപിഎമ്മിന് അനുകൂലമായും രാജ്യത്ത് ബജെപിക്ക് അനുകൂലമായും പ്രസ്താവനകള്‍ നടത്തുന്ന ഒരു ഡബിള്‍ ഏജൻ്റ് ആയിട്ടാണ് മണിശങ്കര്‍ അയ്യര്‍ പ്രര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിൻ്റെ ഭാഗമാണെന്ന് പറയാന്‍ സാധിക്കില്ല. കാലങ്ങളായി കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വച്ചുപുലര്‍ത്തുന്നില്ല എന്നും ജനീഷ് പഞ്ഞു.
പെരിയ കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുകയാണ്. കൃപേഷ്, ശരത് ലാൽ രക്തസാക്ഷി ദിനത്തിലും രണ്ട് പ്രതികൾ പരോളിലാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പരോൾ നൽകുന്നത്. സിപിഎം രക്തസാക്ഷി ഫണ്ട് ഉപയോഗിക്കുന്നത് പരോളിലിറങ്ങിയ പ്രതികൾക്ക് പോക്കറ്റ് മണി നൽകാനെന്നും ജനീഷ് ആരോപിച്ചു.
അതേ സമയം കേരളത്തില്‍ മൂന്നാമതും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മണിശങ്കര്‍ അയ്യര്‍ തള്ളിയിരുന്നു . താന്‍ കോണ്‍ഗ്രസുകാരനാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിഷന്‍ 2031; വികസനവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പിണറായി സര്‍ക്കാരിനെ മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച അദ്ദേഹം പഞ്ചായത്തിരാജ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കേരളമാണെന്നും പ്രശംസിച്ചു. തോമസ് ഐസകും വി കെ രാമചന്ദ്രനുമെല്ലാം നടത്തിയ പ്രയത്നങ്ങളെയും അദ്ദേഹം ഓര്‍ത്തെടുത്തു. മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍ ഊര്‍ജം പകരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. മണിശങ്കര്‍ അയ്യരുടെ പ്രശംസയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR