Enter your Email Address to subscribe to our newsletters

Ernakulam, 17 ഫെബ്രുവരി (H.S.)
കോടതിയലക്ഷ്യ കേസിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന സിൻഡിക്കേറ്റിൻ്റെ തീരുമാനം വിസി തള്ളിക്കളഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. മാർച്ച് 11ന് കോടതിയിൽ ഹാജരാകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിരിക്കുന്നത്.
ഗവർണറുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തത്. എന്നാൽ ഈ നടപടിക്കെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സസ്പെൻഷൻ വിഷയം പുനഃപരിശോധിക്കാൻ കോടതി സിൻഡിക്കേറ്റിന് നിർദേശം നൽകി. ഇതനുസരിച്ച് ചേർന്ന സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും വൈസ് ചാൻസലർ ഈ തീരുമാനം അംഗീകരിക്കാൻ തയാറായില്ല. ഇതോടെയാണ് കോടതി വിധി ലംഘിച്ചെന്ന് കാണിച്ച് അനിൽകുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതും കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നതും.
പ്രഥമദൃഷ്ട്യാ വിസിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് കോടതിയുടെ നിരീക്ഷണം. വിസിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് വിലയിരുത്തിക്കൊണ്ടാണ് മാർച്ച് 11ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിട്ടത്. സിൻഡിക്കേറ്റിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥനായ വിസി അത് നിരാകരിച്ചത് കോടതിയലക്ഷ്യമായി മാറിയേക്കാം. വിസി കോടതിയിൽ ഹാജരാകുമ്പോൾ നൽകുന്ന സത്യവാങ്മൂലം കേസിൽ നിർണായകമാകും. സിൻഡിക്കേറ്റിൻ്റെ തീരുമാനം തള്ളിക്കളയാൻ വിസിക്ക് നിയമപരമായ അധികാരമുണ്ടോ എന്നതും കോടതി നിർദേശം ലംഘിക്കപ്പെട്ടോ എന്നതും അന്ന് പരിശോധിക്കപ്പെടും. ഒരു സർവകലാശാലയുടെ വിസിയെ കോടതിയലക്ഷ്യ കേസിൽ നേരിട്ട് വിളിപ്പിക്കുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
സർവകലാശാല ഭരണസമിതിയും വൈസ് ചാൻസലറും തമ്മിലുള്ള തുറന്ന പോരിൻ്റെ തുടർച്ചയായാണ് നിയമവൃത്തങ്ങൾ ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഗവർണറും (ചാൻസലർ) സംസ്ഥാന സർക്കാരും (സിൻഡിക്കേറ്റ്) തമ്മിലുള്ള അധികാര വടംവലിയുടെ ഇരയാണ് രജിസ്ട്രാർ എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ വിശ്വസ്തനായി വിസി നിലകൊള്ളുമ്പോൾ ഇടത് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് സർക്കാരിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു.
രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം സർവകലാശാലയിൽ വലിയ ഭരണപ്രതിസന്ധിക്ക് കാരണമായിരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള ഈ വടംവലി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെയും പരീക്ഷാ നടത്തിപ്പിനെയും വരെ ബാധിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ഗവർണർക്കും തിരിച്ചടിയായേക്കാം. വരും ദിവസങ്ങളിൽ സർവകലാശാല ഭരണസമിതിയും വിസിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR