Enter your Email Address to subscribe to our newsletters

Dhaka, 17 ഫെബ്രുവരി (H.S.)
ഇനിയും കീഴടങ്ങുന്ന രാജ്യമായിരിക്കില്ല ബംഗ്ലാദേശെന്ന് ഇടക്കാല സർക്കാരിന് നേതൃത്വം നൽകിയ മുഹമ്മദ് യൂനസ്. രാജ്യത്തിൻ്റെ പരമാധികാരവും അന്തസും ദേശീയ താത്പര്യങ്ങളും പുനഃസ്ഥാപിക്കാൻ തൻ്റെ 18 മാസം നീണ്ട ഭരണത്തിനായെന്നും മുഹമ്മദ് യൂനസ് കൂട്ടിച്ചേർത്തു. വിടവാങ്ങൽ പ്രസംഗത്തിലാണ് പ്രസ്‌താവന.
രാജ്യത്തിൻ്റെ സ്വതന്ത്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വളരെയേറെ ഉത്തരവാദിത്വമുള്ളതായി ഇപ്പോഴുള്ള ബംഗ്ലാദേശ് മാറിയെന്നും മുഹമ്മദ് യൂനസ് കൂട്ടിച്ചേർത്തു. ഇനി മുതൽ ബംഗ്ലാദേശ് എന്ന രാജ്യം മറ്റ് രാജ്യങ്ങളുടെ വിദേശനയങ്ങളോടോ നിർദേശങ്ങളോടോ കീഴടങ്ങുകയോ ആശ്രയിക്കുന്നതോ അല്ല. തൻ്റെ 18 മാസത്തെ ഭരണകാലം രാജ്യത്തിൻ്റെ മൂന്ന് അടിസ്ഥാന അടിത്തറകൾ പുനർനിർമ്മിച്ചു.
പാർട്ടി, മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ മാനുഷികവും നീതിപരവും ജനാധിപത്യപരവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടം തുടരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. വളരെയധികം ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഞാൻ വിട പറയുന്നത് മുഹമ്മദ് യൂനസ് വിടവാങ്ങൽ പ്രസംഗത്തിനിടെ പറഞ്ഞു.
ബംഗ്ലാദേശിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും മുഹമ്മദ് യൂനസ് പറഞ്ഞു. നേപ്പാളും ഭൂട്ടാനും ഇന്ത്യയും ഉൾക്കൊള്ളുന്ന പ്രാദേശിക സഹകരണത്തിൻ്റെ വിശാലമായ വളർച്ചയെ കുറിച്ചും വ്യക്തമാക്കി.
രാജ്യത്തെ തുറമുഖങ്ങളുടെ കാര്യക്ഷമത അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി. പ്രമുഖ അന്താരാഷ്ട്ര തുറമുഖ മാനേജ്‌മെൻ്റ് കമ്പനികളുമായി കരാറുകളിൽ ഒപ്പുവയ്‌ക്കുന്നതിൽ തങ്ങൾ വളരെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. കാര്യക്ഷമത വർധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ സാമ്പത്തിക നേട്ടങ്ങളിൽ രാജ്യം പിന്നോട്ട് പോകുമെന്നും മുഹമ്മദ് യൂനസ് പറഞ്ഞു.
എന്നാൽ മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലെ സർക്കാർ ബംഗ്ലാദേശ് വിദേശ ബന്ധങ്ങളിൽ കാര്യമായ വരുമാനം നേടിയിട്ടില്ലെന്നും അയൽ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം തകരാറിലായെന്നും നിരീക്ഷകർ ആരോപിച്ചു. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനാവുന്നവ തടഞ്ഞുയെന്നും തിങ്ക്‌ടാങ്ക് സെൻ്റർ ഫോർ പോളിസി ഡയലോഗിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫഹ്‌മിദ ഖാത്തൂൺ പറഞ്ഞു.
മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ബംഗ്ലാദേശും ഇന്ത്യയുമായുള്ള ബന്ധം വഷളായി. അതേസമയം പാകിസ്ഥാനുമായുള്ള ബന്ധം വികാസത്തിലേക്കാണ് നയിച്ചത്. ഈ മാറ്റങ്ങളിൽ ആഭ്യന്തര രാഷ്ട്രീയ സമവായം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് വിദേശ ബന്ധ വിശകലന വിദഗ്‌ധൻ മുസ്‌തഫിസുർ റഹ്‌മാൻ പറഞ്ഞു.
വിടവാങ്ങൽ പ്രസംഗത്തിൽ മുഹമ്മദ് യൂനസ് എന്ത് പറഞ്ഞാലും ഭരണകൂടം ബോധപൂർവമായ ശ്രമത്തിലൂടെ ധ്രുവീകരിക്കപ്പെട്ട ബംഗ്ലാദേശിനെ കൂടുതൽ വിഭജിക്കുകയാണ് ചെയ്‌തത്. ദുർബലമായ രാഷ്ട്രീയ സാഹചര്യത്തിനും കാരണമായി. തീവ്ര വലതുപക്ഷ ഘടകങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും സുരക്ഷാ, രാഷ്ട്രീയ വിശകലന വിദഗ്‌ധൻ നസീർ ഉദ്ദീൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR