കിഫ്ബി പണം സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി ചെലവിടുന്നുവെന്ന് ചെന്നിത്തല; മറുപടിയുമായി കിഫ്ബി
Thiruvananthapuram, 17 ഫെബ്രുവരി (H.S.) മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യം വെച്ച്‌ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കിഫ്ബിയുടെ പണം സർക്കാർ പ്രചാരണങ്ങള്‍ക്ക് വേണ്ടി ചെലഴിക്കുകയാണെന്ന് രമേശ് ചെന്നിത്തല. പ്രവര്‍ത്തനങ്ങള്‍ക്കായി മസാല ബോണ്ടുകള്‍ വഴി 9
Ramesh chennithala


Thiruvananthapuram, 17 ഫെബ്രുവരി (H.S.)

മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യം വെച്ച്‌ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കിഫ്ബിയുടെ പണം സർക്കാർ പ്രചാരണങ്ങള്‍ക്ക് വേണ്ടി ചെലഴിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

പ്രവര്‍ത്തനങ്ങള്‍ക്കായി മസാല ബോണ്ടുകള്‍ വഴി 9.5 ശതമാനം പലിശയ്‌ക്കെടുത്ത പണമാണ് ഇങ്ങനെ വകമാറ്റുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

'സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ മേഖലയിലെ മുതല്‍ മുടക്ക്, പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്കായി നടത്തുന്ന പ്രോജക്റ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാൻ, കിഫ്ബിക്കായി വിഭവങ്ങള്‍ സമാഹരിക്കുന്നതിനായി ഉപയോഗിച്ച ബോണ്ടുകള്‍ തിരിച്ചു പിടിക്കാൻ, സ്‌കീമില്‍ പറയുന്ന മറ്റ് ആവശ്യം നടപ്പാക്കാൻ എന്നിവയ്ക്കായി മാത്രമേ കിഫ്ബി ഫണ്ട് ഉപയോഗിക്കാനാകൂ. എന്നാല്‍ 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏതാണ്ട് 102 കോടിയാണ് കിഫ്ബി ഫണ്ടില്‍ നിന്ന് പരസ്യത്തിനായും സര്‍ക്കാര്‍ പ്രചരണത്തിനായും ചിലവാക്കിയത്.

ഇതില്‍ തെരഞ്ഞെടുപ്പ് വര്‍ഷമായ 2020-21 സാമ്പത്തിക വര്‍ഷം മാത്രം സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത് ഏതാണ്ട് 75 കോടി രൂപയാണ്. മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ മനസ്സിലാക്കാം. അത് സാധാരണയാണ്. പക്ഷേ പ്രമുഖ ചാനലുകളടക്കം വിവിധ മാധ്യമങ്ങളില്‍ സ്‌പോണ്‍സേര്‍ഡ് കണ്ടന്റുകള്‍ വരുത്താനായി ചെലവിട്ടത് 30 കോടിയാണ്. സീരിയലുകളില്‍ പോലും സർക്കാർ കണ്ടന്‍റുകള്‍ കാഴ്ചക്കാർ അറിയാതെ കുത്തിനിറയ്ക്കുന്നു. കേരളീയം എന്ന മാമാങ്കത്തിന് മാത്രമായി 50 കോടി രൂപയും ഇക്കാലത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവഴിച്ചു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യത്തെ മൂന്നു സാമ്പത്തിക വര്‍ഷം മാത്രം ഏതാണ്ട് 49 കോടി രൂപയാണ് സര്‍ക്കാര്‍ പ്രചരണ പരിപാടികള്‍ക്കായി ചിലവഴിച്ചത്. 2024 ലെ ആദ്യത്തെ ആറുമാസം മാത്രം ഏതാണ്ട് അഞ്ചു കോടിയും ചെലവഴിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല. പക്ഷേ ലഭിച്ച വിവരമനുസരിച്ച്‌ 150 കോടിയിലേറെ രൂപ ഈ കാലഘട്ടത്തിലെ സര്‍ക്കാര്‍ പ്രചാരണവുമായി ബന്ധപ്പെട്ട് വകയിരുത്തിയിട്ടുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാല്‍ വസ്തുകള്‍ മനസിലാക്കാതെയാണ് ചെന്നിത്തലയുടെ ആരോപമെന്ന് കിഫ്ബി മറുപടി നല്‍കി. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രാഥമികമായി കിഫ്ബിയില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലയെന്നും ഇതിനായി ധനകാര്യവിപണിയില്‍ കിഫ്ബിയുടെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും കിഫ്ബി വിശദീകരിച്ചു.

'അഡ്വർടൈസിങ്ങിനും മാർക്കറ്റിങ്ങിനുമായി ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആനുപതികമായി പണം ചെലവഴിക്കുന്നുമുണ്ട്.ഇതോടൊപ്പം പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്‌ട്സിനെ കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ഉണ്ടാക്കേണ്ടതുണ്ട്. കിഫ്ബിയുടെ തുടർച്ചയായുള്ള ബ്രാൻഡ് ബില്‍ഡിങ് ക്യാംപെയ്നുകള്‍ കൊണ്ടാണ് AA റേറ്റിങ് നില നിർത്താൻ കഴിയുന്നത്.ഇതൊന്നും മനസിലാക്കാതെയാണ് ചെന്നിത്തല വിമർശനം ഉയർത്തുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കിഫ്ബി വ്യക്തമാക്കി. കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ

'ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ കിഫ്ബി പദ്ധതികളുടെ പരസ്യ പ്രചരണത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ആണ് ഈ പ്രതികരണം. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രാഥമികമായി കിഫ്ബിയില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഇതിനായി ധനകാര്യവിപണിയില്‍ കിഫ്ബിയുടെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. അതിനനുസരിച്ചാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികള്‍ കിഫ്ബിയെ റേറ്റ് ചെയ്യുന്നത്.

2018 മുതല്‍ ഇക്കാര്യങ്ങള്‍ക്കായി കിഫ്ബിയുടെ ബ്രാൻഡിങ് മികച്ച രീതിയില്‍ ചെയ്യണം എന്ന നയം കൈക്കൊണ്ടിരുന്നു. അഡ്വർടൈസിങ്ങിനും മാർക്കറ്റിങ്ങിനുമായി ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആനുപതികമായി പണം ചെലവഴിക്കുന്നുമുണ്ട്.

ഇതോടൊപ്പം പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്‌ട്സിനെ കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ഉണ്ടാക്കേണ്ടതുണ്ട്. സർക്കാർ തീരുമാനപ്രകാരം കിഫ്ബി ഈ ആവശ്യങ്ങള്‍ക്കായുള്ള ഇൻഫ്രാസ്ട്രക്ചറും ഒരുക്കിയിട്ടുണ്ട്. ഇതു വഴി നടത്തിയ പ്രവർത്തനങ്ങള്‍ക്ക് നല്ല ഫലമാണ് ലഭിച്ചിട്ടുള്ളത് എന്നതും അറിയിക്കട്ടെ. ഇന്ന് ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു സബ് സോവറിൻ ഏജൻസിയായി കിഫ്ബി മാറി. ദേശീയ തലത്തില്‍ സമാന്തരമായി ഈ രീതിയില്‍ ധനസമാഹരണം നടത്തുന്ന NHAl അടക്കമുള്ള മറ്റ് കേന്ദ്ര ഏജൻസികളും ഇത്തരത്തിലുള്ള ബ്രാൻഡ് ബില്‍ഡിങ് ക്യാംപെയിനുകള്‍ ചെയ്യുന്നുണ്ട്.

കിഫ്ബിയുടെ തുടർച്ചയായുള്ള ബ്രാൻഡ് ബില്‍ഡിങ് ക്യാംപെയ്നുകള്‍ കൊണ്ടാണ് AA റേറ്റിങ് നില നിർത്താൻ കഴിയുന്നത്. നിർഭാഗ്യവശാല്‍ മുൻ പ്രതിപക്ഷനേതാവ് കൂടിയായ ശ്രീ രമേശ് ചെന്നിത്തല ഇക്കാര്യങ്ങള്‍ മനസിലാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നത് .

ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ളത് ധന വിപണിയില്‍ നിന്ന് ഫണ്ട് റെയ്സ് ചെയ്യുമ്പോഴുള്ള പലിശ നിരക്കില്‍ കാല്‍ശതമാനം വ്യത്യാസം വന്നാല്‍ തന്നെ കിഫ്ബിയുടെ കടമെടുപ്പില്‍ വലിയ രീതിയിലുള്ള ലാഭമാണ് നേടാൻ കഴിയുന്നത്. ബ്രാൻഡിങ് ഇതിനു സഹായിക്കുന്നുണ്ട്.

ബഹു.രമേശ് ചെന്നിത്തല മസാല ബോണ്ടില്‍ കിഫ്ബിയുടെ കടമെടുപ്പും പലിശ നിരക്കും വീണ്ടും പരാമർശിക്കുന്നുണ്ട്. ഇതുസംബന്ധമായി പല തവണ കിഫ്ബി വിശദീകരിച്ചിട്ടും അദ്ദേഹം അതു കൂട്ടാക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. മസാല ബോണ്ട് സംബന്ധമായി ഞങ്ങള്‍ വീണ്ടും പറയട്ടെ കമ്പോളത്തിലെ അക്കാലത്തെ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ആദായകരമായിട്ടാണ് കിഫ്ബി പണം സമാഹരിച്ചിട്ടുള്ളത് എന്ന് കാണാൻ കഴിയും. ഇത് അക്കാലത്ത് ധനകാര്യ വിദഗ്ധർ തന്നെ അംഗീകരിച്ചിട്ടുള്ളതാണ് .

ഇനി ചില വ്യക്തികളുടെ പേരെടുത്ത് പറഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്ക് കിഫ്ബി പണം ട്രാൻസ്ഫർ ചെയ്തതായി ആരോപണം ശ്രീ രമേശ് ചെന്നിത്തല ഉന്നയിക്കുന്നു. യഥാർത്ഥത്തില്‍ ഇവരെല്ലാം PWD യുടെ അംഗീകൃത കോണ്‍ട്രാക്ടർമാരാണ്. സർക്കാരിൻ്റെ ഇ - ടെൻഡർ പോർട്ടല്‍ വഴി ഓപ്പണ്‍ ടെൻഡറുകള്‍ അനുസരിച്ച്‌ കരാർ പണികള്‍ ഏറ്റെടുത്ത ഇവർക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍ മാത്രമാണ് ശ്രീ രമേശ് ചെന്നിത്തല ഉപയോഗിച്ചിരിക്കുന്നത്.

ഒന്നു കൂടിപറയട്ടെ ഈ ആരോപണത്തില്‍ പറയുന്നതുള്‍പ്പെടെയുള്ളതും അല്ലാത്തതുമായ ഒരു കരാറുകാരനെയും നിശ്ചയിക്കുന്നത് കിഫ്ബിയല്ല . അതതു വകുപ്പുകള്‍ തിരഞ്ഞെടുക്കുന്ന കരാറുകാരാണ് ഈ നിർമാണ പ്രവൃത്തികള്‍ ചെയ്യുന്നത്. ടെൻഡർ ഘട്ടം മുതല്‍ ഒരിടത്തും കരാറുകാരും കിഫ്ബിയും തമ്മില്‍ നേരിട്ടുള്ള ബന്ധമില്ല . അത് അതത് വകുപ്പുകള്‍ നിശ്ചയിക്കുന്ന SPVകള്‍ ആണ് കരാറുകാരുമായി ഇടപ്പെടുന്നതും നിർമാണ നിർവഹണം നടത്തുന്നതും . SPV വഴി കരാറുകാർ കിഫ്ബിയില്‍ സമർപ്പിക്കുന്ന ബില്ലുകള്‍ ഗുണപരിശോധനയുടെ അടിസ്ഥാനത്തില്‍ പാസാക്കി വിടുക മാത്രമാണ് ഇതില്‍ കിഫ്ബിയുടെ റോള്‍ . ഇക്കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയിരുന്നെങ്കില്‍ ശ്രീ രമേശ് ചെന്നിത്തലയില്‍ നിന്ന് ഇത്തരം ഒരു അടിസ്ഥാന രഹിതമായ ആരോപണം ഉണ്ടാകുമായിരുന്നില്ല', പോസ്റ്റില്‍ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News