ആർക്കും വേണ്ടാതെ 2,103 കോടി രൂപ:കണ്ടുകെട്ടാൻ റിസർവ് ബാങ്ക്
Thiruvananthapuram, 17 ഫെബ്രുവരി (H.S.) കേരളത്തിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 2,103 കോടിരൂപ. റിസർവ് ബാങ്ക് നിർദേശത്തെത്തുടർന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നടത്തിയ പരിശോധനയിലാണ് അവകാശികളില്ലാത്ത കോടികൾ കണ്ടെത്തിയത്. പത്തുവർഷമായി
Reserve Bank


Thiruvananthapuram, 17 ഫെബ്രുവരി (H.S.)

കേരളത്തിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 2,103 കോടിരൂപ. റിസർവ് ബാങ്ക് നിർദേശത്തെത്തുടർന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നടത്തിയ പരിശോധനയിലാണ് അവകാശികളില്ലാത്ത കോടികൾ കണ്ടെത്തിയത്. പത്തുവർഷമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

എറണാകുളം ജില്ലയിലാണ് ഉടമകളില്ലാതെ ഏറ്റവും കൂടുതൽ പണം അക്കൗണ്ടുകളിലുള്ളത്. വിവിധ ബാങ്കുകളിലെ 11.93 ലക്ഷം അക്കൗണ്ടുകളിലായി 307 കോടിയിലേറെ രൂപയാണ് ഇവിടെ ആർക്കും വേണ്ടാതെ കിടക്കുന്നത്. പത്തുവർഷമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണം റിസർവ് ബാങ്കിലേക്ക് മാറ്റുന്നതാണ് പതിവ് രീതി.

നിശ്ചിത സമയത്തിനുള്ളിൽ അവകാശികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലാണ് റിസർവ് ബാങ്കിലേക്ക് മാറ്റുക. മേൽവിലാസത്തിൽ ബന്ധപ്പെട്ടും പരസ്യം നൽകിയും അവകാശിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പത്തുവർഷം കഴിഞ്ഞാലുടൻ വരുന്ന സെപ്റ്റംബറിൽ പണം റിസർവ് ബാങ്കിലേക്ക് മാറ്റും. അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളുമായി റിസർവ് ബാങ്കിലെത്തിയാൽ പണം വിട്ടുനൽകും. നോമിനിയുടെ ബന്ധം തെളിയിക്കാനുള്ള രേഖകളും പരിഗണിക്കപ്പെടും. വിവിധ അക്കൗണ്ടുകളിൽനിന്നും റിസർവ് ബാങ്കിലേക്ക് മാറ്റിയ നിക്ഷേപങ്ങളുടെ വിശദവിവരം ഉദ്ഗം പോർട്ടലിൽ ലഭ്യമാണ്.

നിക്ഷേപം വർധിക്കുന്നുകേരളത്തിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങൾ വർധിക്കുകയാണെന്ന് കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം അഡ്വ വികെ പ്രസാദ് അറിയിച്ചു. കേരളത്തിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടിക സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് കൈമാറിയിട്ടുണ്ട്. അവകാശികൾ മരിക്കുന്നതും വിദേശങ്ങളിലേക്കു പോകുന്നതും ജോയിൻ്റ് അക്കൗണ്ടുകളിലെ തർക്കങ്ങളുമാണ് നിക്ഷേപങ്ങൾ പിൻവലിക്കാതിരിക്കുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കണക്കുകൾഅവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,004 കോടിരൂപയാണ്. പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8,673 കോടി രൂപയുമാണുള്ളത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം രാജ്യസഭയെ അറിയിച്ചിരുന്നു. എസ്ബിഐയിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്, 19,330 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 6,911 കോടിയും കനറാ ബാങ്കിൽ 6,278 കോടിയും കെട്ടിക്കിടക്കുന്നുണ്ട്.

സ്വകാര്യബാങ്കുകളിൽ ഐസിഐസിഐ (2,063 കോടി), എച്ച്ഡിഎഫ്സി (1,610 കോടി), ആക്സിസ് ബാങ്ക് (1,360 കോടി) എന്നീ ബാങ്കുകളിലാണ് കൂടുതൽ തുക കെട്ടിക്കിടക്കുന്നത്. ഇത്തരത്തിൽ കെട്ടിക്കിടന്ന 9,456 കോടി രൂപ റിസർവ് ബാങ്കിൻ്റെ നിർദേശപ്രകാരം നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം എന്ന പ്രചാരണ പരിപാടിയിലൂടെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉടമസ്ഥർക്ക് തിരിച്ചുനൽകി. സ്വകാര്യബാങ്കുകൾ 841 കോടി രൂപ തിരിച്ചുനൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News