ശബരിമല യുവതീപ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.
Alappuzha, 17 ഫെബ്രുവരി (H.S.) ശബരിമല യുവതീപ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എല്ലാ കാലഘട്ടത്തിലും സമൂഹത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നതാണ് പാർട്ടിയുടെ അടിസ്ഥാന നിലപാടെങ്കിലും ഒഴിവാക്കാവുന്ന സംഘർഷങ്ങൾ സമൂഹത്
M A Baby


Alappuzha, 17 ഫെബ്രുവരി (H.S.)

ശബരിമല യുവതീപ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എല്ലാ കാലഘട്ടത്തിലും സമൂഹത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നതാണ് പാർട്ടിയുടെ അടിസ്ഥാന നിലപാടെങ്കിലും ഒഴിവാക്കാവുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിന്ന് ഒഴിവാക്കപ്പെടണമെന്ന നയമാണ് പാർട്ടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വമാണ് നിലപാട് പറയേണ്ടതെന്നും സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ വലിയ വിവാദങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടുള്ള കാര്യം ഓർമിപ്പിച്ച അദ്ദേഹം അത്തരം വിവാദ സാഹചര്യങ്ങൾ എല്ലാം പരിശോധിച്ചുകൊണ്ട് ഉചിതമായ ഒരു തീരുമാനം ഇനിയും ഉണ്ടാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഏതു വിഷയവുമായി ബന്ധപ്പെട്ടായാലും സമൂഹത്തിൽ ഒഴിവാക്കാൻ സാധിക്കുന്ന സംഘർഷങ്ങൾ ഉണ്ടാക്കുന്നതിലേക്ക് വഴി വച്ചുകൂടാ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ടാകണം എന്ന സമീപനമാണ് പിന്തുടർന്നു പോരുന്നത്.

പണ്ട് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന സമരങ്ങൾ ഉൾപ്പെടെയുള്ളവ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം അതെല്ലാം സാമൂഹികമായി ബന്ധപ്പെട്ട വിഭാഗങ്ങളെ കൂടി ബോധ്യപ്പെടുത്തിക്കൊണ്ടാണ് നടപ്പിലാക്കേണ്ടതെന്ന് വിശദീകരിച്ചു. അതാണ് പാർട്ടിയുടെ പൊതുസമീപനം. ഈ പ്രത്യേക വിഷയത്തിൽ എന്തു വേണമെന്നുള്ളത് ഇവിടെ ചർച്ച ചെയ്ത് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ അഭിപ്രായം രൂപീകരിച്ച് അറിയിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുത്തലിൻ്റെ പാതയിൽ

ശബരിമല യുവതീപ്രവേശന വിഷയത്തിൽ പെട്ടെന്നൊരു നിലപാട് വ്യക്തമാക്കാൻ സിപിഎം കേന്ദ്ര നേതൃത്വം തയ്യാറല്ലെന്നാണ് എംഎ ബേബിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇത്തരത്തിൽ ഒഴുക്കൻ മട്ടിൽ മറുപടി നൽകി വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അതേ മാതൃകയിലുള്ള സമീപനം തന്നെയാണ് ഇപ്പോൾ എംഎ ബേബിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ചരിത്രപരമായ സമരങ്ങളെ ഉദാഹരണമായി എടുത്തു പറഞ്ഞുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ പാർട്ടി മുൻകാലങ്ങളിൽ എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചത്. വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരങ്ങളിൽ പോലും അന്നത്തെ സാമൂഹിക വിഭാഗങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് പാർട്ടി നിലപാട് സ്വീകരിച്ചിരുന്നത്.

അതേ രീതി തന്നെയായിരിക്കും സ്ത്രീപ്രവേശന വിഷയത്തിലും പാർട്ടി തുടർന്നുപോരുക എന്നാണ് എംഎ ബേബി വ്യക്തമാക്കുന്നത്. അതായത് സമുദായ സംഘടനകൾ അടക്കം ഈ വിഷയത്തിൽ ഭിന്നഭിപ്രായം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ കൃത്യമായ പഠനത്തിന് ശേഷം മാത്രമേ പാർട്ടി വ്യക്തമായ ഒരു നിലപാട് പറയുകയുള്ളൂ. കൂടാതെ കോടതി പാർട്ടിയോട് ഇതിൽ നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ സാഹചര്യത്തിൽ എടുത്തുചാടി ഒരു നിലപാട് പ്രഖ്യാപിക്കാനോ അല്ലെങ്കിൽ നിലവിലെ നിലപാട് തിരുത്തുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു വ്യക്തത വരുത്താനോ പാർട്ടി ഇപ്പോൾ തയ്യാറാകുന്നില്ല.

സമൂഹത്തിൽ ഒഴിവാക്കപ്പെടേണ്ട സംഘർഷങ്ങൾ ഒഴിവാക്കപ്പെടണമെന്ന അദ്ദേഹത്തിൻ്റെ പരാമർശം ശ്രദ്ധേയമാണ്. പാർട്ടി ഒരു നിലപാട് പറയുന്നതിൻ്റെ പേരിൽ വീണ്ടും വലിയൊരു വിവാദത്തിലേക്ക് പോകാൻ സിപിഎം താത്പര്യപ്പെടുന്നില്ല എന്നാണ് ആ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്. നിലവിൽ സംസ്ഥാന നേതൃത്വവും സംസ്ഥാന സർക്കാരുമാണ് ഇതിൽ നിലപാട് അറിയിക്കേണ്ടത്. ഉചിതമായ നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കുമെന്നും എംഎ ബേബി പറയുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News