സ്കൂള്‍ അവധി:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍
Thiruvananthapuram, 17 ഫെബ്രുവരി (H.S.) സ്കൂള്‍ അവധി:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര
School holiday


Thiruvananthapuram, 17 ഫെബ്രുവരി (H.S.)

സ്കൂള്‍ അവധി:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ചതായും ജില്ല കളക്ടർ അറിയിച്ചു.പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച്‌ 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച്‌ 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങള്‍

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ എത്തുന്ന തീർത്ഥാടകർക്കും പൊതുജനങ്ങള്‍ക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വകുപ്പ് നല്‍കുന്ന നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാജരാക്കണം.

പൊങ്കാലയോടനുബന്ധിച്ച്‌ ആറ്റുകാല്‍ മേഖലയിലെ ഭക്ഷ്യസംരംഭകരുടെയും പാചകത്തൊഴിലാളികളുടെയും ബോധവത്കരണത്തിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19-ന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ രജിസ്‌ട്രേഷനായി fsonemomcircle@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പേര്, ഫോണ്‍ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ അയയ്ക്കണം.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി നേടണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാണ്. ഓണ്‍ലൈൻ അപേക്ഷയില്‍ 'Kind of business ആയി Food vending establishment' എന്നത് തെരഞ്ഞെടുക്കുകയും അപേക്ഷകന്റെ പേരിനൊപ്പം 'Attukal Ponkala' എന്ന് രേഖപ്പെടുത്തുകയും വേണം. ഉത്തരവാദിത്തമുള്ള വ്യക്തിയുടെ ഫോട്ടോ, ഐഡി കാർഡ് (Address Proof) എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിശ്ചിത ഫീസ് ഓണ്‍ലൈൻ വഴിയാണ് അടയ്‌ക്കേണ്ടത്.

ഭക്തജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളതും ലേബല്‍ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ വസ്തുക്കള്‍ മാത്രം തിരഞ്ഞെടുക്കണം. ലേബല്‍ വിവരങ്ങളില്ലാത്ത പായ്ക്കറ്റ് ഭക്ഷണങ്ങള്‍, മിഠായികള്‍, പഞ്ഞി മിഠായി, ഐസ് കാൻഡി എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തുറന്ന നിലയില്‍ വില്‍ക്കുന്ന ശർക്കര, കല്‍ക്കണ്ടം, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവ വാങ്ങി ഉപയോഗിക്കരുത്.

അന്നദാനം അല്ലെങ്കില്‍ ദാഹജല വിതരണം നടത്തുന്നവർ ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളും ഉപയോഗിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. തിളപ്പിച്ച വെള്ളം കുടിക്കാനും സർബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തൻ മുതലായ ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുള്ളതാണോ എന്ന് ശ്രദ്ധിക്കാനും ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.

പാകം ചെയ്ത ഭക്ഷണങ്ങള്‍ നിശ്ചിത ഉഷ്മാവില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതും വൃത്തിയുള്ള ചുറ്റുപാടില്‍ വിതരണം ചെയ്യുന്നതും ഉറപ്പാക്കണം. കൂടാതെ, ഭക്ഷണത്തിലെ മായം കണ്ടെത്തുന്നതിനായി ഉത്സവ ദിവസങ്ങളില്‍ സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാകും.

ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാൻ ടോള്‍ ഫ്രീ നമ്പർ 1800 425 1125 ല്‍ ബന്ധപ്പെടാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News