Enter your Email Address to subscribe to our newsletters

Idukki, 17 ഫെബ്രുവരി (H.S.)
തൊടുപുഴയിൽ കുഴിയിൽ വീണ് ബെെക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പൊതുമരാമത്ത് വകുപ്പിൻ്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പിഡബ്ല്യുഡി ഓഫിസ് ഉപരോധിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്‌സ് ബെന്നിയാണ് അപടത്തിൽ മരിച്ചത്.
ഇന്നലെ (ഫെബ്രുവരി 16) രാത്രി തൊടുപുഴക്ക് സമീപം മുതലക്കോടത്താണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിലാണ് വീണത്. രണ്ട് ദിവസം കഴിഞ്ഞ് വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടം. അപകടം നടന്ന ഉടനെ ജെയ്‌സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാത്രി പത്ത് മണിയോടെ മുതലക്കോടം ഭാഗത്ത് നിന്നും തൊടുപുഴയിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതിന് മുമ്പും അഞ്ച്, ആറ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും നടപടി എടുത്തില്ലെന്നും പ്രദേശവാസി കൃഷ്‌ണ കുമാർ പറഞ്ഞു.
പിഡബ്ല്യുഡി ഓഫിസ് ഉപരോധിച്ചു
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. നാട്ടുകാർ പിഡബ്ല്യുഡി ഓഫിസ് ഉപരോധിക്കുകയും ചെയ്‌തു. പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്ക് മുമ്പ് കലുങ്ക് നിർമാണത്തിനായി തൊടുപുഴ മുതലക്കോടത്ത് റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്‌തിരുന്നില്ല. ഈ കുഴിയാണ് ഒരു യുവാവിൻ്റെ ജീവൻ കവർന്നത്.
കുഴി മൂടണമെന്നും സ്ഥലം സന്ദർശിക്കണമെന്നും പലതവണ നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇതിന് നേരെ മുഖം തിരിക്കുകയായിരുന്നു. എക്‌സിക്യൂട്ടിവ് എഞ്ചീനിയറിങ് ഇവിടെ എത്തും. ഇതിന് ഒരു പരിഹാരം യുദ്ധകാല അടിസ്ഥാനത്തിൽ ഉണ്ടാക്കണമെന്ന് ജില്ലാപഞ്ചായത്ത് അംഗം മനോജ് പറഞ്ഞു. ജനപ്രതിനിധികൾ അടക്കം എല്ലാവരുടെയും നേതൃത്വത്തിലാണ് ഈ ഉപരോധം. ഇത്തരം സംഭവങ്ങൾ തുടർ കഥയാവുകയാണ്. നിരവധി പ്രാവശ്യം പരാതിയും നിവേദനങ്ങളും നൽകിയിട്ടും അനങ്ങാപാറ നിലപാട് ഇവർ എടുത്തിരിക്കുന്നതെന്നും ഓഫിസർക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR